എച്ച് വിനോദ് സംവിധാനം ചെയ്യുന്ന 'ജനനായകന്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. കുറച്ച് ദിവസം മുന്‍പ് താരം ചിത്രത്തിലെ തന്റെ ഭാഗങ്ങളുടെ ചിത്രീകരണം പൂര്‍ത്തിയാക്കി. അതിന്റെ ഭാഗമായി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിജയ്ക്കായി ആഘോഷ പരിപാടി ഒരുക്കിയിരുന്നു. എന്നാല്‍ വിജയ് പരിപാടി വേണ്ടെന്ന് പറയുകയായിരുന്നു. 2026 ജനുവരി 9ന് തിയേറ്ററിലെത്തുന്ന 'ജനനായകന്‍' വിജയ്‌യുടെ സിനിമാ ജീവിതത്തില്‍ അവസാന ചിത്രമായിരിക്കുമെന്നാണ് സൂചന. ആ സിനിമയോട് കൂടി അദ്ദേഹം പൂര്‍ണമായും രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
അതിനിടയില്‍ വിജയ് ഒരു പരിപാടിയില്‍ വെച്ച് 10, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുമായി സംസാരിച്ചിരുന്നു. "മയക്കുമരുന്ന് ഒഴിവാക്കുന്നത് പോലെ തന്നെ ജാതിയും മതവും ഒഴിവാക്കാന്‍ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുന്നു. അത് നിങ്ങളില്‍ നിന്നും ദൂരെ മാറ്റി നിര്‍ത്തുക. അതാണ് എല്ലാവര്‍ക്കും നല്ലത്", എന്നാണ് പ്രസംഗത്തില്‍ വിജയ് പറഞ്ഞത്.
വിദ്യാര്‍ഥികളോട് അവരുടെ ജനാധിപത്യ കടമകള്‍ നിര്‍വഹിക്കണമെന്നും വിജയ് പറഞ്ഞു. "ജനാധിപത്യം തുല്യ അവസരങ്ങള്‍ നല്‍കുന്നു. നിങ്ങളുടെ വീട്ടിലെ എല്ലാവരോടും അവരുടെ ജനാധിപത്യ കടമ നിര്‍വഹിക്കാന്‍ ആവശ്യപ്പെടുക. അഴിമതിയില്‍ ഏര്‍പ്പെടാത്ത നല്ലവരും വിശ്വസ്തരുമായി ആളുകളെ തിരഞ്ഞെടുക്കാന്‍ അവരോട് ആവശ്യപ്പെടുക", എന്നും വിജയ് പറഞ്ഞു.
അതേസമയം ബോബി ഡിയോള്‍, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ തുടങ്ങി വമ്പന്‍ താരനിര ജന നായകന്‍ എന്ന ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം അനിരുദ്ധ് ആണ്.