വിജയ് ബാബു, ബാബുരാജ്  Source : Facebook
MOVIES

"ബാബുരാജ് മാറി നില്‍ക്കണം, വ്യക്തികളേക്കാള്‍ വലുതാണ് സംഘടന"; ആരോപണമുണ്ടായപ്പോള്‍ താന്‍ മാറി നിന്നെന്ന് വിജയ് ബാബു

ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം വരട്ടെ എന്ന് ആഗ്രഹിക്കുന്നുണ്ടെന്നും വിജയ് ബാബു പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

'അമ്മ' തെരഞ്ഞെടുപ്പില്‍ നിന്നും നടന്‍ ബാബുരാജ് മാറി നില്‍ക്കണമെന്ന് അഭിപ്രായം അറിയിച്ച് നിര്‍മാതാവും നടനുമായ വിജയ് ബാബു. തനിക്കെതിരെ ആരോപണമുണ്ടായാപ്പോള്‍ താന്‍ മാറി നിന്നിരുന്നു. വ്യക്തികളേക്കാള്‍ വലുതാണ് സംഘടനയെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.

"എനിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ഞാന്‍ മാറി നിന്നു. ബാബുരാജ് ഇത്തവണ അമ്മയുടെ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം. കാരണം അദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരട്ടെ. സംഘടനയെ നയിക്കാന്‍ നിങ്ങളെപ്പോലെ കാര്യക്ഷമതയുള്ള നിരവധി ആളുകള്‍ ഉള്ളപ്പോള്‍ തുടരാനുള്ള ധൃതി എന്തിനാണ്. വ്യക്തികളേക്കാള്‍ വലുതാണ് സംഘടന. അത് ശക്തമായി തുടരും. ബാബുരാജ് ദയവായി അത് വ്യക്തിപരമായി എടുക്കരുത്. ഒരു മാറ്റത്തിനായി ഇത്തവണ സ്ത്രീ നേതൃത്വം വരട്ടെ എന്നും ഞാന്‍ ആഗ്രഹിക്കുന്നു" , എന്നാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആരോപണ വിധേയര്‍ ഭരണസമിതിയിലേക്ക് മത്സരിക്കുന്നതിനെതിരെ സംഘടനയില്‍ വലിയ തര്‍ക്കം നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്‍ അനൂപ് ചന്ദ്രനും ബാബുരാജ് മത്സരിക്കുന്നതിനെതിരെ രംഗത്തെത്തിയിരുന്നു. ബാബുരാജ് ബലാത്സംഗ കേസിലെ പ്രതിയാതിനാല്‍ തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണമെന്നാണ് അനൂപ് ചന്ദ്രന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ആരോപണ വിധേയര്‍ മത്സരിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നാണ് നടി അന്‍സിബ ഹസന്റെ അഭിപ്രായം. സമൂഹത്തില്‍ ആരോപണ വിധേയരായ മന്ത്രിമാരും രാഷ്ട്രീയക്കാരുമുണ്ട്. ഈ സംഘടനയേക്കാള്‍ വലുതാണ് രാഷ്ട്രീയം. അവിടെ ആരോപണ വിധേയര്‍ക്ക് മത്സരിക്കാമെങ്കില്‍ ഇവിടെ എന്താണ് പ്രശ്‌നമെന്നായിരുന്നു അന്‍സിബ പറഞ്ഞത്.

ഓഗസ്റ്റ് 15നാണ് സംഘടനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കുന്നു എന്നത് ശ്രദ്ധേയമാണ്. താരസംഘടനയുടെ തലപ്പത്തേക്ക് ആദ്യമായി ഒരു സ്ത്രീ വരുമോ എന്നതും ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകതയാണ്.

SCROLL FOR NEXT