'ആട് 3'ൽ സർബത്ത് ഷമീർ ആയി വിജയ് ബാബു Source: Instagram / Vijay Babu
MOVIES

"ഇത് ധീരതയുടെ പര്യായപദമായ സർബത്ത് ഷമീർ"; വീഡിയോ പങ്കുവച്ച് വിജയ് ബാബു

വിജയ് ബാബുവാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ഷാജി പാപ്പനും ഗ്യാങ്ങിനും ശേഷം മാസ് എൻട്രി നടത്തി സർബത്ത് ഷമീർ. 'ആട് ത്രീ'യുടെ ചിത്രീകരണത്തിനായി സിനിമയിലെ സർബത്ത് ഷമീറിന്റെ കോസ്റ്റ്യൂമിൽ സെറ്റിലെത്തിയ വിജയ് ബാബുവിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ചിത്രത്തിന്റെ പ്രൊഡ്യൂസർ കൂടിയായി വിജയ് ബാബുവാണ് വീഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

നാരങ്ങാ മാല അണിയിച്ചാണ് വിജയ് ബാബുവിനെ സംവിധായകൻ മിഥുന്‍ മാനുവല്‍ തോമസ് സെറ്റിലേക്ക് സ്വീകരിച്ചത്. "ആട് 3 - ധീരതയുടെ പര്യായപദമായ സർബത്ത് ഷമീർ, നിർത്തിയിടത്ത് നിന്ന് തന്റെ ധീരമായ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നു," എന്ന അടിക്കുറിപ്പോടെയാണ് ഇതിന്റെ വീഡിയോ വിജയ് ബാബു പങ്കുവച്ചത്.

ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം എപ്പിക്-ഫാന്റസി ചിത്രമായാണ് മിഥുന്‍ മാനുവല്‍ തോമസ് 'ആട് 3' അണിയിച്ചൊരുക്കുന്നത്. വമ്പന്‍ ബജറ്റില്‍ നിർമിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ജയസൂര്യ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ 'ആട് യൂണിവേഴ്സി'ലെ താരങ്ങള്‍ ഈ ചിത്രത്തില്‍ വീണ്ടും ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബി​ഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്.

നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് തീയതിയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ 23ാമത്തെ ചിത്രമാണ് 'ആട് 3'.

SCROLL FOR NEXT