കൊച്ചി: മികച്ച പ്രതികരണവും അത്ഭുതപ്പെടുത്തുന്ന കളക്ഷനും നേടി ബോക്സ് ഓഫീസിൽ മുന്നേറുകയാണ് അരുൺ മാതേശ്വരൻ - ലൊകേഷ് കനകരാജ് ചിത്രം 'ഡിസി'. റിലീസ് ചെയ്ത് ആദ്യ ദിനം മുതൽ ഗംഭീര പ്രതികരണമാണ് സിനിമയ്‌ക്ക് ലഭിക്കുന്നത്. ദേവദാസ് എന്ന നായകകഥാപാത്രമായി ഞെട്ടിക്കുന്ന പ്രകടനമാണ് ലൊകേഷ് കാഴ്ചവച്ചിരിക്കുന്നതെന്നാണ് പ്രേക്ഷക അഭിപ്രായം. ഇപ്പോഴിതാ, സിനിമയിലെ നായക വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് വിജയ് ദേവരകൊണ്ടയെ ആണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയാണ്. വിജയ്‌യുടെ പഴയ ഒരു അഭിമുഖമാണ് ഈ പ്രചാരണങ്ങൾക്ക് ആധാരം.
'കിങ്ഡം' എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി വിജയ് ദേവരകൊണ്ട സിനിമാ വികടന് നൽകിയ അഭിമുഖമാണ് സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. അരുൺ മാതേശ്വരൻ ഒരു ആശയവുമായി തന്നെ സമീപിച്ചിരുന്നു എന്നാണ് ഈ അഭിമുഖത്തിൽ നടൻ പറയുന്നത്. 'ഡിസി'യെപ്പറ്റിയാണ് നടൻ സംസാരിക്കുന്നതെന്ന അനുമാനത്തിലെത്തിയ ആരാധകർ വിജയ്‌യുടെ തീരുമാനം തെറ്റായിപ്പോയി എന്ന് പറഞ്ഞാണ് ഈ അഭിമുഖ ഭാഗങ്ങൾ പങ്കുവയ്ക്കുന്നത്. ലോകേഷ് ആണീ വേഷത്തിന് അനുയോജ്യനെന്ന് അഭിപ്രായപ്പെടുന്നവരേയും കാണാം.
"അരുൺ ഒരു ഇന്ററസ്റ്റിങ് ഐഡിയയുമായി എന്നെ വന്നുകണ്ടു. പക്ഷേ ഞാനിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ചില സിനിമകളുമായി അതിന് നല്ല സാമ്യതയുണ്ടായിരുന്നു. അല്ലാത്തപക്ഷം, കൂടെ പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്ന സംവിധായകരിൽ ഒരാളാണ് അരുൺ മാതേശ്വരൻ," എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ.
വയലൻസിനും പ്രണയത്തിനും തുല്യ പ്രാധാന്യം നൽകി ഒരുക്കിയിരിക്കുന്ന ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായ ഡിസി തമിഴിൽ മാത്രമല്ല തെലുങ്ക്, മലയാളം ബോക്സ് ഓഫീസുകളിലും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. സിനിമയുടെ കളക്ഷൻ 50 കോടിക്ക് അടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ. 'റോക്കി', 'സാനി കായിദം', 'ക്യാപ്റ്റൻ മില്ലർ' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ചിത്രമാണിത്. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്നത്.
അഡീഷണൽ സ്ക്രീൻപ്ലേ: അരുൺ രഞ്ജൻ, സംഭാഷണം: അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ്, ഛായാഗ്രഹണം: മുകേഷ് ജി, ചിത്രസംയോജനം: ജി കെ പ്രസന്ന, അസോസിയേറ്റ് എഡിറ്റർ: ഹരീഷ് അരുൺ എം, കലസംവിധാനം: കണ്ണൻ എസ്, സ്റ്റണ്ട്: പിസി സ്റ്റണ്ട്സ്, വസ്ത്രാലങ്കാരം: അരുൺ മാതേശ്വരൻ, കോസ്റ്റ്യൂമർ: പെരുമാൾ ശെൽവം, ചമയം: വിനോദ് സുകുമാരൻ, സ്റ്റിൽസ്: അമീർ, ശബ്ദലേഖനം: സിങ്ക് സിനിമാസ്, ഓഡിയോഗ്രാഫി: വിനയ് ശ്രീധർ, അറ്റ്മോസ് മിക്സ് അസിസ്റ്റന്റ്: വിഘ്നേഷ് ഗുരു (നാക്ക് സ്റ്റുഡിയോസ്), കളറിസ്റ്റ്: രംഗ, വിഷ്വൽ ഇഫക്ട്സ്: പ്രവീൺ ഡി, പബ്ലിസിറ്റി ഡിസൈനർ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർ: ഡി രമേശ് കുച്ചിരായർ, കെ.ടി.എസ്. സ്വാമിനാഥൻ. പിആർഒ - ശബരി.