വിജയ് ദേവരകൊണ്ട - ശൗരുവ് ചിത്രത്തിന്റെ പൂജ 
MOVIES

വിജയ് ദേവരകൊണ്ടയുടെ ഗ്ലോബൽ പ്രൊജക്ട്; ഫസ്റ്റ് ക്ലാപ്പ് അടിച്ച് നാനി, പൂജയോടെ തുടക്കം

'ഹായ് നാനാ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശൗരുവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

തെലുങ്ക് താരം വിജയ് ദേവരകൊണ്ടയുടെ ഗ്ലോബൽ പ്രൊജക്ടിന്റെ പൂജ ഹൈദരാബാദിൽ നടന്നു. 'ഹായ് നാനാ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശൗരുവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഇന്ത്യൻ സിനിമയെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനുള്ള ശ്രമമായാണ് കണക്കാക്കുന്നത്. പൂജാ ചടങ്ങിൽ ഫസ്റ്റ് ഷോട്ടിന് ക്ലാപ്പടിച്ചത് നടൻ നാനി ആണ്. വൈറ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം, പ്രഖ്യാപന പോസ്റ്റർ പുറത്തിറങ്ങിയതോടെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചകൾക്ക് വഴിവച്ചിരുന്നു.

ചിത്രത്തിന്റെ സാങ്കേതിക ടീമിനെ പരിചയപ്പെടുത്തിയ അനൗൺസ്മെന്റ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. 'ഹൗസ് ഓഫ് ദ ഡ്രാഗൺ', 'ഫോൾഔട്ട്' എന്നിവയിൽ പ്രവർത്തിച്ച അലേഹാൻഡ്രോ മാർട്ടിനെസ് ആണ് ഡയറക്ടർ ഓഫ് ഫോട്ടോഗ്രഫി. 'ഗോഡ്സ് ഓഫ് ഈജിപ്റ്റ്', 'ബാറ്റ്മാൻ ഫോറെവർ', 'സ്നോപ്പിയേഴ്സർ' എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ച എറിക് ഡർസ്റ്റ് വിഎഫ്എക്സ് സൂപ്പർവൈസറായി എത്തുന്നു. 'അനിമൽ', 'ഓം ശാന്തി ഓം' തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച സുരേഷ് സെൽവരാജൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. സംഗീതം ഒരുക്കുന്നത് മലയാളി കൂടിയായ ഹിഷാം അബ്ദുൾ വഹാബ് ആണ്. കൂടാതെ കോസ്റ്റ്യൂം ഡിസൈനറായി സച്ചിൻ ലോവലെക്കർ, എഡിറ്ററായി പ്രവീൺ ആന്റണി എന്നിവരും ടീമിന്റെ ഭാഗമാണ്.

പുരാണ പശ്ചാത്തലത്തിൽ ഒരു പുതിയ ലോകം സൃഷ്ടിക്കുന്ന തരത്തിൽ ഒരുങ്ങുന്ന ഈ ചിത്രം, ദൃശ്യവിസ്മയങ്ങളും അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെക്നിക്കൽ മികവും ചേർന്ന് പ്രേക്ഷകർക്ക് വ്യത്യസ്തമായ സിനിമാനുഭവം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 'വാരണാസി', 'രാക്ക' പോലുള്ള സിനിമകൾ ഇന്ത്യൻ സിനിമയെ ഗ്ലോബൽ തലത്തിൽ എത്തിക്കാൻ ശ്രമിച്ചതുപോലെ, വിജയ് ദേവരകൊണ്ട – ശൗരുവ് കൂട്ടുകെട്ടും അതേ ദിശയിൽ വലിയൊരു കാൽവെപ്പാണ് നടത്തുന്നത്. സിനിമയെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവടും. പിആർഒ: പ്രതീഷ് ശേഖർ.

SCROLL FOR NEXT