'ജന നായക'ൻ പോസ്റ്റർ Source: X
MOVIES

'ജനനായകൻ' സുപ്രീം കോടതിയിലേക്ക്; സിനിമയ്ക്ക് അനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ ഹർജി സമർപ്പിച്ചു

സിനിമയ്ക്ക് ഉടന്‍ 'U/A' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന തമിഴ്‌നാട് ഹൈക്കോടതി ഉത്തരവാണ് ശനിയാഴ്ച ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ചെന്നൈ: ജനനായകൻ സിനിമയ്ക്ക് അനുമതി നിഷേധിച്ച ഡിവിഷൻ ബെഞ്ച് വിധിക്കെതിരെ നിർമാതാക്കൾ സുപ്രീം കോടതിയെ സമീപിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നൽകണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. സിനിമയ്ക്ക് ഉടന്‍ 'U/A' സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന തമിഴ്‌നാട് ഹൈക്കോടതി ഉത്തരവാണ് ശനിയാഴ്ച ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.

കഴിഞ്ഞ ദിവസം സെന്‍സര്‍ ബോര്‍ഡാണ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. ഇതിലാണ് ഇപ്പോള്‍ സ്‌റ്റേ വന്നിരിക്കുന്നത്. തുടര്‍വാദം കേള്‍ക്കുന്നതിനായി കേസ് ജനുവരി 21ലേക്കാണ് മാറ്റിവച്ചത്. ഇതോടെ സിനിമയുടെ റിലീസ് വൈകുമെന്ന് ഉറപ്പായി. പൊങ്കല്‍ റിലീസായി ചിത്രം എത്തിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ശ്രമം. അതേസമയം, ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനത്തിനെതിരെ കലാകാരൻമാർ ഒന്നിച്ച് പോരാടണമെന്ന് കമൽ ഹാസൻ എക്സ് പോസ്റ്റിൽ കുറിച്ചു.

എച്ച്. വിനോദ് സംവിധാനം ചെയ്ത 'ജന നായകൻ്റെ' റിലീസ് ജനുവരി ഒന്‍പതിനാണ് നിശ്ചയിച്ചിരുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും ഇതില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ തീര്‍പ്പാകാത്തതിനാലും സിനിമയുടെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. കെവിഎന്‍ പ്രൊഡക്ഷൻ്റെ ബാനറില്‍ വെങ്കട്ട് കെ. നാരായണ ആണ് നിര്‍മാണം.

ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍.കെയുമാണ് സഹനിര്‍മാണം. വിജയ്‌യുടെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന 'ജന നായകൻ്റെ' പുതിയ റിലീസ് തീയതിക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

'ജന നായകൻ്റെ' ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിങ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ.

SCROLL FOR NEXT