ലൈംഗിക ചൂഷണം ആരോപിച്ച് വിജയ് സേതുപതിക്കെതിരെ കഴിഞ്ഞ ദിവസം എക്‌സില്‍ ഒരു കുറിപ്പ് പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആരോപണങ്ങളില്‍ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് വിജയ് സേതുപതി. ഡെക്കാന്‍ ക്രോണിക്കിളില്‍ സുഭാഷ് കെ ഝായോട് സംസാരിക്കവെയാണ് താരം ആരോപണം നിഷേധിച്ചത്. സൈബര്‍ കുറ്റത്തിന്റെ കീഴില്‍ തന്റെ ടീം പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
"എന്നെ അറിയുന്ന ആര്‍ക്കും ഇത് കേട്ടാല്‍ ചിരി വരും. എനിക്ക് എന്നെ അറിയാം. ഇത്തരത്തിലുള്ള വൃത്തികെട്ട ആരോപണങ്ങളില്‍ ഞാന്‍ അസ്വസ്ഥനാവില്ല. എന്റെ കുടുംബവും അടുത്ത സുഹൃത്തുക്കളും അസ്വസ്ഥരാണ്. ഇത് ആ സ്ത്രീ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി ചെയ്തതാണെന്ന് ഞാന്‍ അവരോട് പറഞ്ഞു. ഏതാനും നിമിഷങ്ങള്‍ മാത്രമെ അവര്‍ക്ക് പ്രശസ്തി ലഭിക്കുകയുള്ളു. അത് അവര്‍ ആസ്വദിക്കട്ടെ", എന്നാണ് വിജയ് സേതുപതി പറഞ്ഞത്.
"ഞങ്ങള്‍ നിലവില്‍ സൈബര്‍ കുറ്റത്തിന്റെ കീഴില്‍ പരാതി നല്‍കിയിട്ടുണ്ട്. ഏഴ് വര്‍ഷമായി മോശം പ്രചാരണങ്ങള്‍ ഞാന്‍ നേരിടുന്നു. അത്തരം ടാര്‍ഗെറ്റിംഗ് ഇതുവരെ എന്നെ ബാധിച്ചിട്ടില്ല", താരം കൂട്ടിച്ചേര്‍ത്തു.
രമ്യ മോഹന്‍ എന്ന ഒരു സ്ത്രീയാണ് വിജയ് സേതുപതിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കുറിപ്പ് പങ്കുവെച്ചതിന് ശേഷം അത് അവര്‍ ഉടന്‍ തന്നെ പിന്‍വലിക്കുകയായിരുന്നു.