'അരസന്‍‌' സിനിമയിൽ വിജയ് സേതുപതിയും 
MOVIES

വെട്രിമാരൻ- സിലമ്പരസൻ ചിത്രം 'അരസനി'ൽ വിജയ് സേതുപതി; സർപ്രൈസ് അപ്ഡേറ്റുമായി നിർമാതാവ്

സിലമ്പരസനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'അരസൻ'

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: സിലമ്പരസനെ നായകനാക്കി വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം 'അരസൻ' പ്രൊമോ ഇറങ്ങിയതിന് പിന്നാലെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. സിലമ്പരസനും വെട്രിമാരനും ആദ്യമായി ഒന്നിക്കുന്നു എന്നതിൽ ഉപരിയായി സിനിമ 'വട ചെന്നൈ' യൂണിവേഴ്സിൽ നിന്നാണ് എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയത്. ഇപ്പോഴിതാ സിനിമയിലേക്ക് വിജയ് സേതുപതി കൂടി ജോയിൽ ചെയ്തിരിക്കുന്നു.

നിർമാതാവ് കലൈപ്പുലി എസ് താണു ആണ് വിജയ് സേതുപതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റർ പങ്കുവച്ചത്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ ആണ് കലൈപ്പുലി എസ് താണു സിനിമ നിർമിക്കുന്നത്. 'അസുരന്‍' എന്ന ചിത്രത്തിന് ശേഷം വെട്രിമാരന്‍ - കലൈപ്പുലി എസ് താണു ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

അതിശക്തമായ ഒരു കഥാപാത്രമാണ് 'അരസനിൽ' സിമ്പു അവതരിപ്പിക്കുക എന്ന സൂചനയാണ് ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ നൽകിയത്. സിനിമയിലെ മറ്റ് അണിയറപ്രവർത്തകരെപ്പറ്റിയും വിവരങ്ങൾ പുറത്തുവരുന്നുണ്ട്. വേൽരാജ് ആകും ഛായാഗ്രഹണം. അനിരുദ്ധ് രവിചന്ദർ ആണ് സംഗീതം. സിലമ്പരസൻ, വിജയ് സേതുപതി എന്നിവർക്ക് പുറമേ സമുദ്രകനിയും കിഷോറും സിനിമയിൽ പ്രധാന വേഷങ്ങളിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. നായികയായി രണ്ട് പേർ പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. അതിൽ ഒരാൾ സമാന്തയാണ്. സിനിമയുടെ രണ്ടാം ഘട്ട ചിത്രീകരണത്തിലാണ് നായികയുടെ ഭാഗം വരുന്നത്. ഒരു പാൻ ഇന്ത്യൻ വില്ലനേയും സിനിമയ്ക്കായി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ.

പൊല്ലാതവന്‍, ആടുകളം, വിസാരണൈ, വട ചെന്നൈ, അസുരന്‍, വിടുതലൈ 1, വിടുതലൈ 2 എന്നിവക്ക് ശേഷം വെട്രിമാരന്‍ ഒരുക്കുന്ന ചിത്രമാണ് 'അരസന്‍' . പിആര്‍ഒ- ശബരി

SCROLL FOR NEXT