ഹൈദരാബാദ്: തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'സ്ലം ഡോഗി'ന്റെ ടീസർ പുറത്ത്. '33 ടെംപിൾ റോഡ്' എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ഈ പ്രോജക്ട് നിർമിക്കുന്നത് പുരി കണക്ടിന്റെ ബാനറിൽ പുരി ജഗന്നാഥും ചാർമി കൗറും ഒപ്പം ജെബി മോഷൻ പിക്ചേഴ്സ് ബാനറിൽ ജെ.ബി. നാരായൺ റാവു കോൺഡ്രോള്ളയും ചേർന്നാണ്. സംയുക്ത ആണ് ചിത്രത്തിലെ നായിക.
പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ആവേശം കൊള്ളിക്കുന്ന ടീസർ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. പ്രേക്ഷകർ ഇതുവരെ കാണാത്ത മാസ് സ്റ്റൈലിഷ് കഥാപാത്രമായാണ് ഈ ചിത്രത്തിൽ വിജയ് സേതുപതിയെ അവതരിപ്പിക്കുന്നത്. വിജയ് സേതുപതിയുടെ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ് ഒന്നേകാൽ മിനിറ്റ് ദൈർഘ്യമുള്ള ടീസറിന്റെ ഹൈലൈറ്റ്. ഒരു അന്ധ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും അല്ലാതെയും വിജയ് സേതുപതിയെ അവതരിപ്പിക്കുന്ന ടീസർ വലിയ ആകാംക്ഷയാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. യാചകരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്ന സൂചനയും ടീസറിലെ ഡയലോഗുകൾ തരുന്നുണ്ട്.
ബോളിവുഡ് താരം തബുവും കന്നഡ താരം വിജയ് കുമാറും ആണ് ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ബ്രഹ്മാജി, വിടിവി ഗണേഷ് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. ദേശീയ അവാർഡ് ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സൂപ്പർ ഹിറ്റുകളായ 'അർജുൻ റെഡ്ഡി', 'കബീർ സിങ്', 'അനിമൽ' എന്നീ ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ ഹർഷവർധൻ രാമേശ്വർ ഒട്ടേറെ തെന്നിന്ത്യൻ ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ സംഗീത സംവിധായകൻ ആണ്.
ആക്ഷൻ, ഇമോഷൻ, മാസ്, സംഗീതം, കോമഡി എന്നിവയെല്ലാം കോർത്തിണക്കി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായാണ് പുരി ജഗനാഥ് 'സ്ലം ഡോഗ്' ഒരുക്കുന്നത്. ചിത്രം രചിച്ചിരിക്കുന്നതും സംവിധായകൻ തന്നെയാണ്. പാൻ ഇന്ത്യൻ ചിത്രമായി തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും.
രചന, സംവിധാനം- പുരി ജഗന്നാഥ്, നിർമാതാക്കൾ- പുരി ജഗന്നാഥ്, ചാർമി കൌർ, ജെ ബി നാരായൺ റാവു കോൺഡ്രോള്ള, ബാനർ- പുരി കണക്ട്സ്, ജെ ബി മോഷൻ പിക്ചേഴ്സ്, സംഗീതം -ഹർഷവർധൻ രാമേശ്വർ, സിഇഒ- വിഷു റെഡ്ഡി, മാർക്കറ്റിങ്- ഹാഷ്ടാഗ് മീഡിയ, പിആർഒ- ശബരി.