MOVIES

വിജയ് സേതുപതിയുടെ മഹാരാജ ഹിന്ദിയിലേക്ക്; നായകന്‍ ആമിര്‍ ഖാന്‍ ?

നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമാണ്

Author : ന്യൂസ് ഡെസ്ക്

തമിഴ് ബോക്സ് ഓഫീസിലെ സമീപകാലത്തെ ഏറ്റവും വലിയ വിജയമായിരുന്നു വിജയ് സേതുപതി നായകനായെത്തിയ മഹാരാജ. നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ 50-ാം ചിത്രമാണ്. ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി പിന്നിട്ട ചിത്രം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

ഇന്ത്യ ഗില്‍റ്റ്സ് തമിഴിന്‍റെ റിപ്പോര്‍ട്ട് പ്രകാരം ബോളിവുഡിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ ഹൗസ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാന്‍ താല്‍പര്യറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം ബോളിവുഡ് താരം ആമിര്‍ ഖാന്‍ ഹിന്ദി പതിപ്പില്‍ നായകനായി എത്തിയേക്കും. സിനിമ റീമേക്ക് ചെയ്യാനുള്ള അവകാശം വലിയ തുകയ്ക്ക് ബോളിവുഡ് പ്രൊഡക്ഷന്‍ ഹൗസ് സ്വന്തമാക്കിയെന്നും സൂചനയുണ്ട്.

ജൂലൈ 12 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെ മഹാരാജയുടെ ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിച്ചിരുന്നു. തമിഴിന് പുറമെ മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമാണ്.

ഉള്ളടക്കത്തിന്‍റെ വ്യത്യസ്തതയും വിജയ് സേതുപതി അടക്കമുള്ളവരുടെ പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അനുരാഗ് കശ്യപ്, നട്ടി നടരാജ്, അഭിരാമി, ഭാരതിരാജ, മുനിഷ്‌കാന്ത്, മണികണ്ഠന്‍, ദിവ്യാഭാരതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം. ദിനേഷ് പുരുഷോത്തമന്‍ ക്യാമറയും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രം പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിര്‍മിച്ചത്.

SCROLL FOR NEXT