വിജയ് സേതുപതി 
MOVIES

100 കോടി തിളക്കവുമായി വിജയ് സേതുപതിയുടെ മഹാരാജ ഒടിടിയിലേക്ക്

ഒരിടവേളയ്ക്ക് ശേഷം തീയേറ്ററില്‍ വന്‍വിജയമായ വിജയ് സേതുപതി ചിത്രത്തിന് കേരളത്തില്‍ നിന്നും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

വിജയ് സേതുപതിയെ നായകനാക്കി നിഥിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത മഹാരാജ ഒടിടിയിലേക്ക്. ബോക്സ് ഓഫീസ് കളക്ഷനില്‍ 100 കോടി കടന്ന ചിത്രം വിജയ് സേതുപതിയുടെ കരിയറിലെ 50-ാം സിനിമയാണ്. ഒരിടവേളയ്ക്ക് ശേഷം തീയേറ്ററില്‍ വന്‍ വിജയമായ വിജയ് സേതുപതി ചിത്രത്തിന് കേരളത്തില്‍ നിന്നും മികച്ച അഭിപ്രായം നേടാന്‍ കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്.

ജൂലൈ 12 മുതല്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് മഹാരാജയുടെ ഡിജിറ്റല്‍ പ്രീമിയര്‍ ആരംഭിക്കുക. തമിഴിന് പുറമെ മലയാളം, കന്നഡ, ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം ലഭ്യമാകും. സിനിമയുടെ ഒടിടി റിലീസ് ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യ സൗത്തിന്‍റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പുറത്തുവന്നു.

ഉള്ളടക്കത്തിന്‍റെ വ്യത്യസ്തതയും വിജയ് സേതുപതി അടക്കമുള്ളവരുടെ പ്രകടനവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അനുരാഗ് കശ്യപ്, നട്ടി നടരാജ്, അഭിരാമി, ഭാരതിരാജ, മുനിഷ്‌കാന്ത്, മണികണ്ഠന്‍ , ദിവ്യാഭാരതി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അജനീഷ് ലോകനാഥാണ് സംഗീത സംവിധാനം. ദിനേഷ് പുരുഷോത്തമന്‍ ക്യാമറയും ഫിലോമിന്‍ രാജ് എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രം പാഷന്‍ സ്റ്റുഡിയോസിന്റെയും ദ റൂട്ടിന്റെയും ബാനറില്‍ സുദന്‍ സുന്ദരവും ജഗദീഷ് പളനിസ്വാമിയുമാണ് നിര്‍മിച്ചത്.

SCROLL FOR NEXT