MOVIES

വിദ്യാര്‍ഥികളെ ആദരിക്കാന്‍ വിജയ്; സംഘാടകര്‍ 'തമിഴക വെട്രി കഴകം'

കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ വിജയ് ആദരിച്ച പരിപാടി വലിയ വിജയമായിരുന്നു

Author : ന്യൂസ് ഡെസ്ക്

തമിഴ്നാട്ടിലും പുതുച്ചേരിയിലും പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കാന്‍ നടന്‍ വിജയ്. താരത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകമാണ് പരിപാടിയുടെ സംഘാടകര്‍. ജൂണ്‍ 28, ജൂലൈ മൂന്ന് ദിവസങ്ങളില്‍ ചെന്നൈ തിരുവാണ്‍മിയൂരിലുള്ള കണ്‍വെന്‍ഷന്‍ സെന്ററിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമാ ജീവിതം അവസാനിപ്പിച്ച് വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് എത്തുന്നു എന്ന പ്രഖ്യാപനത്തിനുശേഷം അതീവ ശ്രദ്ധയോടെയാണ് തമിഴക വെട്രി കഴകം ഓരോ പരിപാടികളും ആസുത്രണം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം തമിഴ്നാട്ടില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ വിജയ് ആദരിച്ച പരിപാടി വലിയ വിജയമായിരുന്നു. കാശുവാങ്ങി വോട്ട് ചെയ്യുന്നതില്‍ നിന്ന് മാതാപിതാക്കളെ കുട്ടികള്‍ പിന്തിരിപ്പിക്കണമെന്ന വിജയുടെ ആഹ്വാനം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. 234 നിയമസഭ മണ്ഡലങ്ങളിലെയും കുട്ടികളും മാതാപിതാക്കളും പങ്കെടുത്ത പരിപാടി യുവതലമുറക്കിടയില്‍ വിജയുടെ സ്വാധീനം വളര്‍ത്താന്‍ സഹായിച്ചു എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

കഴിഞ്ഞ തവണ ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കത്തിന്റെ പേരിലാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചതെങ്കിൽ, ഇത്തവണ പാർട്ടിയായ തമിഴക വെട്രി കഴകമാണ് സംഘാടകർ. അരിയല്ലൂർ, കോയമ്പത്തൂർ, ധർമപുരി, ദിണ്ടിഗൽ, ഈറോഡ്, കന്യാകുമാരി, കരൂർ, കൃഷ്ണഗിരി, മധുര, നാമക്കൽ, നീലഗിരി, പുതുക്കോട്ട, രാമനാഥപുരം, സേലം, ശിവഗംഗ, തെങ്കാശി, തേനി, തൂത്തുക്കുടി, തിരുനെൽവേലി, തിരുപ്പൂർ, വിരുദനഗർ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികളെയാണ് ആദ്യ ഘട്ടമായ ജൂൺ 28-ന് അനുമോദിക്കുന്നത്. ജൂലൈ മൂന്നിന് ചെന്നൈ, കടലൂർ, കള്ളക്കുറിച്ചി, കാഞ്ചീപുരം, മൈലാടുതുറൈ, നാഗപട്ടണം, പെരമ്പല്ലൂർ, റാണിപ്പേട്ട്, തഞ്ചാവൂർ, തിരുവള്ളൂർ, തിരുവണ്ണാമലൈ, തിരുവാരൂർ, തിരുപ്പത്തൂർ, തിരുച്ചിറപ്പള്ളി, വെല്ലൂർ, വിഴുപുരം, പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കാരയ്ക്കൽ, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർഥികളെയും അനുമോദിക്കും. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് വിജയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ജൂണ്‍ 22ന് വിജയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റും വിജയുടെ അവസാന സിനിമയുടെ പ്രഖ്യാപനവും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

SCROLL FOR NEXT