വിക്രാന്ത് മാസി 
MOVIES

'ദേശീയ പുരസ്കാരം ആഗ്രഹിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ കള്ളമായി പോകും';വിക്രാന്ത് മാസി

ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായിരുന്നു വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത 12th Fail. അനുരാഗ് പഥകിന്‍റെ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരുക്കിയ സിനിമയില്‍ വിക്രാന്ത് മാസിയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. കടുത്ത ദാരിദ്ര്യത്തെ മറികടന്ന് ഐപിഎസ് ഓഫീസറായി മാറിയ മനോജ് കുമാര്‍ ശര്‍മയായി വെള്ളിത്തിരയില്‍ ജീവിക്കുകയായിരുന്നു വിക്രാന്ത് മാസി.

ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുമെന്നാണ് പ്രേക്ഷകരില്‍ ഭൂരിഭാഗവും പ്രതീക്ഷിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ട ശേഷം കഠിനാധ്വാനത്തിലൂടെ സിവില്‍ സര്‍വീസ് പരീക്ഷ വിജയിക്കുന്ന മനോജ് കുമാര്‍ ശര്‍മ്മയുടെ ജീവിതം, സിനിമ കണ്ടവരെ വലിയ രീതിയില്‍ പ്രചോദിപ്പിച്ചിരുന്നു. 2023-ലെ സര്‍പ്രൈസ് ഹിറ്റായിരുന്ന 12th Fail ആഗോള കളക്ഷനായി 69 കോടിയോളം നേടിയിരുന്നു. മേധ ശങ്കര്‍ അവതരിപ്പിച്ച ശ്രദ്ധ ജോഷി എന്ന ഐആര്‍എസ് ഓഫീസറുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമയിലൂടെ ദേശീയ പുരസ്താരം ലഭിക്കണമെന്ന പ്രേക്ഷകരുടെ ആഗ്രഹത്തില്‍ വിക്രാന്ത് മാസി അടുത്തിടെ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചിരുന്നു.

“ഞാൻ ഒരിക്കലും ഇതിനുവേണ്ടി ആഗ്രഹിച്ചിട്ടില്ലെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും. രാഷ്ട്രപതി ഭവനിൽ നിൽക്കാൻ ഞാൻ എപ്പോഴും ആഗ്രഹിക്കുന്നു, നമ്മുടെ രാജ്യത്തിൻ്റെ രാഷ്ട്രപതി ആദരിക്കുന്നത് എൻ്റെ ചിരകാല സ്വപ്നമാണ്. പക്ഷേ ആ സ്വപ്നം ഇനിയും യാഥാർത്ഥ്യമായിട്ടില്ല . സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്ന പിന്തുണയെ ഇഷ്ടപ്പെടുന്നു, എനിക്ക് അവാര്‍ഡ് ലഭിക്കണമെന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നു. എനിക്ക് ഇപ്പോഴുമത് സ്വപ്നതുല്യമായ അനുഭവമാണ്" - വിക്രാന്ത് മാസി പറഞ്ഞു.

തപ്സി പന്നുവിനൊപ്പമുള്ള റൊമാന്‍റിക് ത്രില്ലര്‍ 'ഫിര്‍ ആയി ഹസീന്‍ ദില്‍റുബ'യാണ് വിക്രാന്ത് മാസിയുടെ പുതിയ ചിത്രം. ജയപ്രസാദ് ദേശായി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 9ന് നെറ്റ്ഫ്ലിക്സിലെത്തും.

SCROLL FOR NEXT