കൊച്ചി: 'ഹൃദയം', 'വർഷങ്ങൾക്കുശേഷം' എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരു ക്രൈം ത്രില്ലറുമായാണ് ഇത്തവണ വിനീത് ശ്രീനിവാസന്‍ എത്തുന്നത്. 'തിര'യ്ക്ക് ശേഷം ഒരുങ്ങുന്ന വിനീത് ശ്രീനിവാസന്റെ ത്രില്ലറില്‍ നോബിള്‍ തോമസ് ആണ് നായകന്‍. എന്നാല്‍ മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഫുട്ബോള്‍ ആരാധകരുടെ പ്രിയങ്കരനായ കേരള ബ്ലാസ്റ്റേഴ്സ് മുന്‍ കോച്ച് ഇവാന്‍ വുകോമനോവിച്ചിന്റെ ചിത്രത്തിലെ പ്രകടനം കാണാനാണ്.
മലയാളികള്‍ക്ക് സുപരിചിതനായ ഒരു വിദേശ നടനെ ആയിരുന്നു വിനീത് ശ്രീനിവാസന്‍ കരത്തിനായി തേടിക്കൊണ്ടിരുന്നത്. സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്ന നോബിള്‍ തോമസിന്റെ സഹോദരന്‍ നിഖില്‍ ആണ് ഇവാന്‍ വുകോമനോവിച്ചിനെപ്പറ്റി പറയുന്നത്. ഈ നിർദേശം ഇഷ്ടപ്പെട്ട വിനീത് ഇവാനുമായി ബന്ധപ്പെടുകയായിരുന്നു. അനുകൂലമായിരുന്നു ഇവാന്റെ പ്രതികരണം. അതിനുശേഷം ഓഡിഷനും അദ്ദേഹം തയ്യാറായതായി വിനീത് പറയുന്നു.
"അദ്ദേഹം സെർബിയയില്‍ നിന്ന് ദുബായിലേക്ക് എത്തി. അവിടെവച്ചായിരുന്നു ഓഡിഷന്‍. ആദ്യ ഓഡിഷന്റെ ക്ലിപ്പ് കണ്ടപ്പോള്‍ തന്നെ എല്ലാവരും സന്തോഷത്തിലായിരുന്നു. ഇതാണ് നമ്മുടെ ആന്ദ്രേ നിക്കോള എന്ന ക്യാരക്ടർ എന്ന അഭിപ്രായമായിരുന്നു എല്ലാവർക്കും," വിനീത് പറഞ്ഞു.
നായകനായ നോബിള്‍ ബാബു തോമസാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് നായികമാര്‍. മനോജ് കെ. ജയന്‍, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.
മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യവും വിനീത് ശ്രീനിവാസന്റെ ഹാബിറ്റ് ഓഫ് ലൈഫും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിർമാതാവിന്റെ കുപ്പായമണിയുന്നത്.
വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ജോമോന്‍ ടി. ജോണ്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ ഷാന്‍ റഹ്‌മാനാണ് സംഗീതം.