വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രമാകുന്ന കോമഡി എന്‍റര്‍ടെയ്‌നര്‍ 'ഒരു ജാതി ജാതകം' സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. 'അരവിന്ദന്‍റെ അതിഥികളുടെ' വിജയത്തിന് ശേഷം എം മോഹനന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 22-ന് തിയേറ്ററുകളിലെത്തും. 'തിര', 'ഗോദ' എന്നീ സിനിമകൾക്ക് തിരക്കഥ രചിച്ച രാകേഷ് മണ്ടോടി ആണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
നിഖില വിമൽ, ഗായിക സയനോരാ ഫിലിപ്പ്, പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ കയാദു ലോഹര്‍, ഇന്ദു തമ്പി, ഹരിതാ പറോക്കോട്, ചിപ്പി ദേവസ്സി, രജിതാ മധു, വര്‍ഷാ രമേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ബാബു ആൻ്റണിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിർമൽ പാലാഴി, അമൽ താഹ, മൃദുൽ നായർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഗീതം - ഗുണസുബ്രഹ്മണ്യം, ഛായാഗ്രഹണം - വിശ്വജിത് ഒടുക്കത്തിൽ, എഡിറ്റിംഗ് - രഞ്ജൻ ഏബ്രഹാം.