വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത 'മലര്‍വാടി ആര്‍ട്ട്‌സ് ക്ലബ്ബ്' റിലീസ് ചെയ്ത് 15 വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിന്റെ 15-ാം വാര്‍ഷികത്തില്‍ വിനീത് തന്റെ പുതിയ ചിത്രത്തിന്റെ വിവരങ്ങളും പങ്കുവെച്ചു. ഇന്ന് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങുമെന്നും ത്രില്ലര്‍ ജോണറില്‍ പെട്ട സിനിമയാണെന്നുമാണ് വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ വിനീതിന്റെ സിനിമകളില്‍ കണ്ടുവരുന്ന ചെന്നൈ കണക്ഷനെ പറ്റി ആരാധകര്‍ ചോദ്യം ചോദിക്കാന്‍ തുടങ്ങി. അത്തരത്തില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് താരം നല്‍കിയ മറുപടി ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ്. "ചെന്നൈ ഇല്ലെന്നു വിശ്വസിച്ചോട്ടേ" എന്നായിരുന്നു ആരാധകന്റെ കമന്റ്. അതിന് വിനീത് "ചെന്നൈ ഇല്ല, ഉറപ്പിക്കാം", എന്നാണ് മറുപടി കൊടുത്തത്.
പുതിയ സിനിമ തന്റെ പതിവു രീതികളില്‍ നിന്നും മാറി സഞ്ചരിക്കുന്നതായിരിക്കുമെന്നും വിനീത് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. 'ഹൃദയം', 'വര്‍ഷങ്ങള്‍ക്ക് ശേഷം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മെറിലാന്‍ഡ് സിനിമാസിനോടൊപ്പം വീണ്ടും ഒന്നിക്കുകയാണ് വിനീത്. വിശാഖ് സുബ്രഹ്‌മണ്യമാണ് പുതിയ ചിത്രത്തിന്റെയും നിര്‍മാതാവ്.
മെറിലാന്‍ഡിനൊപ്പം വിനീതിന്റെ ഹാബിറ്റ് ഓഫ് ലൈഫും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്. 'ആനന്ദം', 'ഹെലന്‍' എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിനീത് വീണ്ടും നിര്‍മാതാവിന്റെ കുപ്പായമണിയുന്നത്. പൂജ റിലീസായി സെപ്റ്റംബര്‍ 25നാണ് ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തില്‍ നായകനായെത്തുന്നത് നോബിള്‍ ബാബുവാണ്.