ബംഗാള്‍ ഫയല്‍സ് സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് കൊല്‍ക്കത്ത പൊലീസ് നിര്‍ത്തിവെപ്പിച്ചെന്ന് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. 1946ലെ കൊല്‍ക്കത്ത കലാപം അടിസ്ഥാനമാക്കിയാണ് വിവേക് അഗ്നിഹോത്രി ബംഗാള്‍ ഫയല്‍സ് സംവിധാനം ചെയ്യുന്നത്.
കൊല്‍ക്കത്തയിലെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വെച്ച് ഇന്ന് വൈകിട്ടായിരുന്നു ട്രെയിലര്‍ ലോഞ്ച് നിശ്ചയിച്ചിരുന്നത്. എന്നാല്‍ പരിപാടി നടത്താന്‍ പൊലീസ് അനുവദിച്ചില്ലെന്നാണ് ആരോപണം. ഇത് ഫാസിസമല്ലെങ്കില്‍ പിന്നെന്താണെന്നാണ് വിവേക് അഗ്നിഹോത്രി വിഷയവുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്.
'ഇത് ഏകാധിപത്യം/ ഫാസിസമല്ലെങ്കില്‍ പിന്നെന്താണ്? സംസ്ഥാനത്തെ ക്രമസമാധാനം പരാജയപ്പെട്ടു. ഈ നിലപാടുകൊണ്ടാണ് എല്ലാവരും ബംഗാള്‍ ഫയല്‍സിനെ പിന്തുണയ്ക്കുന്നത്,' വിവേക് അഗ്നിഹോത്രി പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
പരിപാടി നടക്കാനിരിക്കെ, സ്വകാര്യ ഹോട്ടലിലെത്തിയ പൊലീസ് എല്ലാ വയറുകളും കട്ട് ചെയ്യുകയായിരുന്നുവെന്നാണ് താന്‍ അറിഞ്ഞതെന്നാണ് വിവേക് അഗ്നിഹോത്രി പറഞ്ഞത്. ആരുടെ ഉത്തരവിലാണ് ഇത് നടപ്പാക്കിയതെന്ന് അറിയില്ല. ഇതിന് പിന്നില്‍ ആരാണെന്ന് അറിയുമോ? എല്ലാ ടെസ്റ്റുകള്‍ക്കും ട്രയലുകള്‍ക്കും ശേഷവും പരിപാടി നിര്‍ത്തിവെക്കപ്പെട്ടു. എന്തുകൊണ്ടാണ് പരിപാടി നടത്താനാവാത്തതെന്നതിന് ഹോട്ടല്‍ മാനേജ്‌മെന്റ് ഇതുവരെ ഒരു മറുപടിയും ലഭിച്ചില്ലെന്നും വിവേക് അഗ്നിഹോത്രി പറഞ്ഞു.
നേരത്തെ ഒരു പ്രധാനപ്പെട്ട തിയേറ്റര്‍ തന്റെ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് തടസപ്പെടുത്തിയെന്നും അഗ്നിഹോത്രി വെള്ളിയാഴ്ച ആരോപിച്ചിരുന്നു. രാഷ്ട്രീയ സമ്മര്‍ദം കാരണമാണ് നടപടിയെന്നും അഗ്നിഹോത്രി ആരോപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ആവുന്നത്.