ദി ബംഗാള്‍ ഫയല്‍സ് ട്രെയ്ലറില്‍ നിന്ന്  Source : YouTube Screen Grab
MOVIES

ദി കശ്മീര്‍ ഫയല്‍സിന് ശേഷം ദി ബംഗാള്‍ ഫയല്‍സ്; വിവേക് അഗ്നിഹോത്രി ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത്

സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.

Author : ന്യൂസ് ഡെസ്ക്

ദി കശ്മീര്‍ ഫയല്‍സ്, ദി താഷ്‌കന്റ് ഫയല്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന ദി ബംഗാള്‍ ഫയല്‍സിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. വിവേകിന്റെ ഫയല്‍സ് ട്രിലിജിയിലെ മൂന്നാമത്തെ ചിത്രമാണിത്. കൊല്‍ക്കത്തയില്‍ വെച്ചാണ് ട്രെയ്‌ലര്‍ ലോഞ്ച് നടന്നത്.

ഡയറക്ട് ആക്ഷന്‍ ഡേയും 1946ലെ കല്‍ക്കട്ട കലാപവുമാണ് ട്രെയ്‌ലറിലൂടെ പറഞ്ഞുവെക്കുന്നത്. ബംഗാളിലെ ഹിന്ദുക്കള്‍ നേരിട്ട അതിക്രമങ്ങളെ കുറിച്ചാണ് ചിത്രമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് തന്നെ ദി ബംഗാള്‍ ഫയല്‍സ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. താന്‍ പ്രഖ്യാപനത്തിന് ശേഷം ഭീഷണി നേരിട്ടെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു.

പല്ലവി ജോഷി, അഭിഷേക് അഗര്‍വാള്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് വിവേക് അഗ്നിഹോത്രി തന്നെയാണ് ദി ബംഗാള്‍ ഫയല്‍സ് നിര്‍മിച്ചിരിക്കുന്നത്. മിഥുന്‍ ചക്രബര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. സെപ്റ്റംബർ അഞ്ചിന് ചിത്രം തിയേറ്ററിലെത്തും.

ദി ബംഗാള്‍ ഫയല്‍സ് ഒരു വെയിക്കപ്പ് കോള്‍ ആണെന്ന് വിവേക് അഗ്നിഹോത്രി പറഞ്ഞു. ബംഗാളിനെ മറ്റൊരു കശ്മീരാക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ലെന്ന് ഉറക്കെ വിളിച്ചു പറയുകയാണ് ചിത്രമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. "ഹിന്ദു വംശീഹത്യയുടെ പറയപ്പെടാത്ത കഥയുടെ ചിത്രീകരണത്തിന് ആധികാരികത കൊണ്ടുവരാന്‍ ഞങ്ങള്‍ കൊല്‍ക്കത്തയില്‍ ട്രെയ്‌ലര്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചു. ട്രെയ്‌ലറില്‍ അതിന്റെ ചെറിയൊരു കാഴ്ച്ച കാണാന്‍ നിങ്ങള്‍ക്ക് കഴിയും. രാഷ്ട്രം തയ്യാറാകണം. കാരണം കശ്മീര്‍ നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ബംഗാള്‍ നിങ്ങളെ വേട്ടയാടും" , എന്നും വിവേക് പറഞ്ഞു.

SCROLL FOR NEXT