വിവേക് ഒബ്രോയി തന്റെ അഭിനയ ജീവിതം തുടങ്ങിയത് 2002 ല്‍ ഇറങ്ങിയ 'കമ്പനി' എന്ന ചിത്രത്തിലൂടെയാണ്. സാത്തിയ, ഷൂട്ട്ഔട്ട് അറ്റ് ലോഖന്ദ്വാല, ഓംകാര തുടങ്ങിയ ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും മറ്റുള്ള താരങ്ങളെ അപേക്ഷിച്ചു വിവേകിന്റെ അഭിനയ ജീവിതത്തിന് പെട്ടന്നാണ് ഒരു വീഴ്ച സംഭവിച്ചത്. അതിനുശേഷം താരം ബിസിനസ്സിലേക്ക് തന്റെ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ച് അതൊരു വലിയ വിജയമാക്കി മാറ്റി. അടുത്തിടെ, സ്‌ക്രീനിന് കൊടുത്ത അഭിമുഖത്തില്‍ താരം തന്റെ ബോളിവുഡ് ജീവിതത്തിലെ അനുഭവങ്ങളും അവിടുത്തെ ലോബി പ്രവര്‍ത്തനങ്ങളെ പറ്റിയും തുറന്നു പറഞ്ഞു.
'ഞാന്‍ എന്റെ 22 വര്‍ഷത്തെ കരിയറില്‍ 67 ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ ഈ ബോളിവുഡ് സിനിമ ലോകം ഒരു സ്ഥിരതയും സുരക്ഷയും ഇല്ലാത്ത സ്ഥലമാണ്. നിങ്ങള്‍ക്കു ചിലപ്പോള്‍ ഒരുപാട് ബഹുമതികള്‍ ലഭിച്ചേക്കം, ചിത്രങ്ങള്‍ വിജയിച്ചേക്കം, നല്ല പ്രകടനം കാഴ്ച വെച്ചേക്കാം, പക്ഷേ അതേ സമയം തന്നെ നിങ്ങള്‍ക്ക് അവസരങ്ങള്‍ കിട്ടാതെയുമിരിക്കാം. എന്റെ ചിത്രമായ ഷൂട്ട്ഔട്ട് അറ്റ് ലോഖന്ദ്വാല എന്ന ചിത്രത്തിലെ ഗണപത് എന്ന ഗാനം ഇറങ്ങിയ സമയത്തു വൈറലായിരുന്നു. ചിത്രത്തിന് എനിക്ക് അവാര്‍ഡുകള്‍ ലഭിച്ചു. അതുകൊണ്ടുതന്നെ ഞാന്‍ ധാരാളം അവസരങ്ങള്‍ അതിനു ശേഷം പ്രതീക്ഷിച്ചു. പക്ഷേ ഒന്നും തന്നെ വന്നില്ല', വിവേക് ഒബ്രോയ് പറഞ്ഞു.
ചിത്രത്തിന്റെ വിജയത്തിന് ശേഷം താന്‍ 14 -15 മാസം വീട്ടിലിരുന്നെന്നും അതിനു ശേഷം സിനിമയെ പൂര്‍ണ്ണമായി ആശ്രയിക്കാതെ മറ്റേതെങ്കിലും സാമ്പത്തിക മാര്‍ഗ്ഗം കണ്ടെത്തണമെന്ന് താന്‍ തീരുമാനിച്ചെന്നും വിവേക് പറഞ്ഞു.'ഒരു ലോബ്ബി എന്റെ ജീവിതം നിശ്ചയിക്കുക എന്ന ഒരു നിലയിലേക്ക് എത്തിപ്പെടാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു. അവിടെ നമ്മള്‍ എന്ത് ചെയ്യണമെന്ന് മറ്റുള്ളവര്‍ തീരുമാനിക്കും കാരണം അവരാണ് ആ സിനിമ ലോകം മുഴുവനും നിയന്ത്രിക്കുന്നത്' വിവേക് ഒബ്രോയ് കൂട്ടിച്ചേര്‍ത്തു.
താന്‍ എന്തിനാണ് മറ്റൊരു തൊഴില്‍ തിരഞ്ഞെടുത്തതെന്നും അത് എങ്ങനെയാണ് തനിക്കു ലോബികളുടെ പിടിയില്‍ നിന്ന് മോചനം നല്‍കിയതെന്നും വിവേക് വ്യക്തമാക്കി. 'ചിലര്‍ ഈ ഒത്തുകളി എല്ലാം സഹിച്ചു ജീവിക്കും. പക്ഷെ എനിക്കതു പറ്റില്ല. ഈ ജീവിതത്തില്‍ ഞാന്‍ പണം, പ്രശസ്തി, ബഹുമാനം എന്നിവ എല്ലാം അനുഭവിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഒരാളുടെ ജീവിതം മാറ്റിമറിക്കുമെന്ന് എനിക്ക് തോന്നുന്നില്ല', വിവേക് പറഞ്ഞു.