സംവിധായകന്‍ വിവേക് അഗ്നിഹോത്രി തന്റെ ചിത്രം 'ദ ഡല്‍ഹി ഫയല്‍സ് : ദ ബംഗാള്‍ ചാപ്റ്റര്‍' എന്ന ചിത്രത്തിന്റെ പുതിയ പേര് പ്രഖ്യാപിച്ചു. ഇനി 'ദ ബംഗാള്‍ ഫയല്‍സ്' എന്നാണ് ചിത്രത്തിന്റെ പേര്. സമൂഹമാധ്യമത്തിലൂടെ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അഗ്നിഹോത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ചിത്രം സെപ്റ്റംബര്‍ അഞ്ചിന് ആഗോള റിലീസായ തിയേറ്ററിലെത്തും.
മിഥുന്‍ ചക്രബര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ജൂണ്‍ 12ന് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്യുമെന്നും അഗ്നിഹോത്രി അറിയിച്ചിട്ടുണ്ട്. 1940കളില്‍ ബംഗാളില്‍ നടന്ന വര്‍ഗീയ ലഹളയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഗ്നിഹോത്രിയുടെ ട്രിളിജിയിലെ മൂന്നാമത്തെ ചിത്രമാണിത്. 'ദ തഷ്‌ക്‌നെറ്റ് ഫയല്‍സ്', 'ദ കശ്മീര്‍ ഫയല്‍സ്' എന്നിവയാണ് മറ്റ് രണ്ട് ചിത്രങ്ങള്‍.
അടുത്തിടെ ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ സംവിധായകന്‍ തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിച്ചിരുന്നു. "എന്റെ അടുത്ത ചിത്രം ബംഗാളിനെ കുറിച്ചാണ്. ദ ബംഗാള്‍ ഫയല്‍സ് എന്നായിരിക്കും ചിത്രത്തിന്റെ പേര്. ഇതുവരെ അത് തീരുമാനിച്ചിട്ടില്ല. വിഭജനമെന്ന ദുരന്തത്തെ കുറിച്ചും സിനിമ പറയുന്നുണ്ട്. ആരെയും കുറ്റപ്പെടുത്താനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്, അതുകൊണ്ട് തന്നെ വളരെ ശ്രദ്ധയോടെയാണ് ഇത് കൈകാര്യം ചെയ്തിരിക്കുന്നത്. ഒരു സ്ഥലത്ത് മനുഷ്യത്വം ഇല്ലാതാകുമ്പോള്‍ എന്ത് സംഭവിക്കുമെന്നാണ് കാണിക്കാന്‍ ഉദ്ദേശിച്ചത്", എന്നാണ് സംവിധായകന്‍ പറഞ്ഞത്.
"ബംഗാള്‍ മറ്റൊരു കശ്മീര്‍ ആയിരിക്കുകയാണ്. എന്റെ സിനിമ വരുമ്പോള്‍ ഇനിയും ആളുകള്‍ ആക്രമിക്കുമെന്ന് എനിക്ക് അറിയാം. പക്ഷെ ഞാന്‍ ശരിയാണെന്ന് തെളിയിക്കപ്പെടും കാരണം ഞാന്‍ സിനിമയുണ്ടാക്കുന്നത് അത് സിനിമയായതുകൊണ്ട് മാത്രമല്ല. എന്നെ സംബന്ധിച്ച് അത് എന്റെ ജീവിതത്തിന്റെ ദൗത്യമാണ്"; അദ്ദേഹം പറഞ്ഞു.