കൊല്‍ക്കത്തയില്‍ നിന്നും സ്വപ്നങ്ങളുടെ നഗരമായ മുംബൈയിലേക്ക് വരുമ്പോള്‍ അവളുടെ മനസില്‍ ഉണ്ടായിരുന്നത് ഇന്‍ഡിപെന്‍ഡന്റ് ആകണം എന്ന ആഗ്രഹം മാത്രമാണ്. എന്നാല്‍ മുംബൈ അവള്‍ക്ക് നല്‍കിയത് അതു മാത്രമല്ല. പ്രണയിക്കാനുള്ള ധൈര്യം കൂടിയായിരുന്നു.
ഒരു എഴുത്തുകാരിയാവാന്‍ വേണ്ടിയാണ് കൊല്‍ക്കത്തയില്‍ നിന്നും വെയ്ക് അപ്പ് സിദ്ദിലെ കൊങ്കണ സെന്‍ ശര്‍മ അവതരിപ്പിച്ച ഐഷ ബാനര്‍ജി മുംബൈയിലേക്ക് എത്തുന്നത്. മുംബൈയിലെ ആദ്യ രാത്രി തന്നെ ഒരു പാര്‍ട്ടിയില്‍ വെച്ച് അവള്‍ അപ്രതീക്ഷിതമായി രണ്‍ബീര്‍ കപൂര്‍ അവതരിപ്പിച്ച സിദ്ദിനെ പരിചയപ്പെടുന്നു. മുംബൈയിലെ അവളുടെ ഏക സുഹൃത്തായി സിദ്ദ് മാറുന്നു. കഥ മുന്നോട്ട് പോകും തോറും ഐഷ സിദ്ദിനെ കണ്‍ഫ്യൂസ്ഡായ ഒരാളില്‍ നിന്നും വ്യക്തിത്വമുള്ള ശക്തമായ ഒരു വ്യക്തിയാക്കി മാറ്റുന്നു.
അത് തന്നെയാണ് ഐഷയെ നമ്മള്‍ സാധാരണ കണ്ടു വന്നിരുന്നു കണ്‍വെന്‍ഷണല്‍ ബോളിവുഡ് നായികമാരില്‍ നിന്നും വ്യത്യസ്തയാക്കുന്നത്. സാധരണയായി ബോളിവുഡില്‍ നായികമാരെ നായകന്‍മാരാണ് ജീവിതത്തിലെ പ്രശ്നങ്ങളില്‍ നിന്നും രക്ഷിക്കുന്നത്. എന്നാല്‍ ഇവിടെ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഐഷ സിദ്ദിന്റെ വഴികാട്ടിയാകുന്നു. എന്നാല്‍ അത് മാത്രമല്ല ഐഷ. അവള്‍ അതിനും അപ്പുറത്ത് ശക്തയായ സ്വന്തമായി വ്യക്തിത്വമുള്ള എന്താണ് ജീവിതത്തില്‍ നിന്ന് വേണ്ടതെന്ന് അറിയുന്ന ഒരു സ്ത്രീയാണ്.
ബോളിവുഡിലെ നായികമാര്‍ പൊതുവെ വെളുത്ത് നീണ്ട ശരീര പ്രകൃതിയുള്ളവരാണ്. എന്നാല്‍ ഐഷ അങ്ങനെയല്ല. കാരണം അവള്‍ അത്രയ്ക്ക് കോണ്‍ഫിഡന്റാണ്. ബ്യൂട്ടിഫുള്‍ ആണെന്ന ബോധ്യം ഐഷയ്ക്കുണ്ട്.
ഐഷ ഒരു ഇന്‍ട്രോവേര്‍ട്ടാണ്. സിദ്ദ് അവളെ ആദ്യമായി ആ പാര്‍ട്ടിയില്‍ വെച്ച് കാണുമ്പോള്‍ ഐഷ ഒരു ഭാഗത്തിരുന്ന് ജേണലില്‍ എഴുതികൊണ്ടിരിക്കുകയായിരുന്നു. എന്നാലും അവള്‍ നിശ്ചയദാര്‍ഢ്യമുള്ള വ്യക്തിയാണ്.
ഐഷ മുംബൈയില്‍ താമസിക്കാനായി ഒരു അപാര്‍ട്ട്മെന്റ് കണ്ടെത്തുന്നു. അത്ര നല്ലൊരു സ്ഥലമല്ലാതിരുന്നിട്ടും ഐഷയ്ക്ക് ഉറപ്പായിരുന്നു ആ അപാര്‍ട്ട്മെന്റിനെ അവള്‍ക്ക് ഒരു വീടാക്കി മാറ്റാന്‍ സാധിക്കുമെന്ന്. അത് അവള്‍ ചെയ്യുന്നുമുണ്ട്. വേറെ അപാര്‍ട്ട്മെന്റ് നോക്കാം എന്ന് സിദ്ദ് പറയുമ്പോള്‍ ഐഷ അതിന് സമ്മതിക്കുന്നില്ല. കാരണം ഐഷയ്ക്ക് അറിയാം അവള്‍ക്ക് എന്ത് ചെയ്യാന്‍ ആകുമെന്ന്.
സിദ്ദ് അവന്റെ വീട്ടില്‍ നിന്നും വഴക്കുണ്ടാക്കി ഇറങ്ങി പോരുമ്പോള്‍ ഐഷ അവന് അപാര്‍ട്ട്മെന്‍ില്‍ താമസിക്കാന്‍ ഇടം കൊടുക്കുന്നുണ്ട്. അവിടെ വെച്ചാണ് ഐഷ ശരിക്കും സിദ്ദിന്റെ ജീവിതത്തില്‍ ഒരു പ്രധാനപ്പെട്ട വ്യക്തിയായി മാറുന്നത്. ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന് അറിയാത്ത സിദ്ദിന് തിരിച്ചറിവ് ഉണ്ടാക്കി കൊടുക്കുന്നുണ്ട് ഐഷ.
സാധാരണ സിനിമകളില്‍ നായകനും നായികയും ഒരു അപാര്‍ട്മെന്റില്‍ താമസിക്കാന്‍ തുടങ്ങിയാല്‍ അവര്‍ക്കിടയില്‍ ശാരീരികമായ ബന്ധമുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ അയാന്‍ മുഖര്‍ജിയുടെ വെയ്ക് അപ്പ് സിദ്ദില്‍ അങ്ങനെ സംഭവിക്കുന്നില്ല. സിദ്ദ് ഐഷയോട് സുഹൃത്തുക്കള്‍ക്ക് അപ്പുറത്തേക്ക് ഒരു ബന്ധം നമുക്കിടയില്‍ ഉണ്ടായിക്കൂടെ എന്ന് ചോദിക്കുമ്പോള്‍ അവള്‍ വ്യക്തമായി തന്നെ അത് പറ്റില്ലെന്ന് പറയുകയാണ് ചെയ്യുന്നത്. സിദ്ദിന്റെ വ്യക്തിത്വം അല്ല അവള്‍ ഒരു പാര്‍ട്ണറില്‍ ആഗ്രഹിക്കുന്നതെന്നാണ് ഐഷ അവനോട് പറയുന്നത്. അത്തരം കാര്യങ്ങള്‍ തുറന്ന് പറയുന്നതില്‍ ഐഷ ഒരിക്കലും പിന്നോട്ട് നില്‍ക്കാറില്ല. കാരണം ജീവിതത്തില്‍ എന്താണ് വേണ്ടതെന്ന് കൃത്യമായി തന്നെ ഐഷയ്ക്ക് അറിയാം.
അതുപോലെ തന്നെ ബോസ്നോട് ഐഷയ്ക്ക് ആദ്യം ക്രഷ് തോന്നുന്നുണ്ടെങ്കിലും അയാളുടെ കമ്പനി ഇഷ്ടപ്പെടുന്നില്ലെന്ന് ഐഷ പെട്ടന്ന് തന്നെ മനസിലാക്കുന്നുണ്ട്. ഇത് അവളുടെ ശക്തമായ വ്യക്തിത്വത്തെയാണ് കാണിക്കുന്നത്. അത് സാധാരണ ബോളിവുഡ് നായികമാരില്‍ കാണാത്തതാണ്.
സിനിമയുടെ അവസാനം അവള്‍ക്ക് സിദ്ദിനോട് തന്നെ ഇഷ്ടം തോന്നുന്നുണ്ട്. കാരണം തുടക്കത്തില്‍ ഉണ്ടായിരുന്ന സിദ്ദ് അല്ല സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്. അവന് ജീവിതത്തില്‍ ഒരു പര്‍പ്പസ് ഉണ്ടായിട്ടുണ്ട്. ജീവിതത്തെ നേരിടാന്‍ അവന്‍ തയ്യാറായി കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് ഐഷയ്ക്ക് സിദ്ദിനോട് പ്രണയം തോന്നുന്നതും. ഇവിടെയും ഐഷ പൊളിച്ചെഴുതുന്നത് ടിപ്പിക്കല്‍ ബോളിവുഡ് നായികമാരെയാണ്. കാരണം തന്റെ ഇഷ്ടം ഐഷയാണ് സിദ്ദിനോട് ആദ്യം തുറന്ന് പറയുന്നത്. അതുമാത്രമല്ല ഐഷയ്ക്ക് സിദ്ദിനേക്കാള്‍ പ്രായമുണ്ട്. അത് സാധാരണ ഗതിയില്‍ ഒരിക്കലും ബോളിവുഡ് സിനിമയില്‍ സംഭവിക്കാറില്ലായിരുന്നു. 2009ല്‍ അയാന്‍ മുഖര്‍ജി നമുക്ക് മുന്നില്‍ ഐഷ ബാനര്‍ജിയെ കൊണ്ടുവന്ന് നിര്‍ത്തിയപ്പോള്‍ അവിടെ സംഭവിച്ചത് ഒരു മാറ്റമാണ്. ബോളിവുഡില്‍ അതുവരെ കണ്ടു വന്ന നായികാ സങ്കല്‍പ്പത്തിന്റെ മാറ്റം.
ഐഷയ്ക്ക് ഇനിയും ജീവിതത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ടാകും. അതിന് അവള്‍ തയ്യാറുമായിരിക്കും. കാരണം മാറ്റവും ജീവിതം മുന്നോട്ട് വെക്കുന്ന ഹാര്‍ഡ്ഷിപ്‌സും നേരിടാന്‍ അവള്‍ എപ്പോഴും തയ്യാറാണ്. തല ഉയര്‍ത്തിപ്പിടിച്ച് ധൈര്യത്തോടെ ഐഷ അതിനെ എല്ലാം നേരിട്ടുകൊണ്ടിരിക്കും. യഥാര്‍ത്ഥത്തില്‍ എല്ലാവര്‍ക്കും ഒരു റോള്‍ മോഡലാണ് വെയ്ക് അപ്പ് സിദ്ദിലെ ഐഷ ബാനര്‍ജി. ജീവിതത്തെ കോണ്‍ഫിഡന്‍സോടെ നേരിടാനും സ്വപ്നം കാണാനും അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യാനുമാണ് ഐഷ എന്ന കഥാപാത്രം നമ്മെ പഠിപ്പിക്കുന്നത്.