MOVIES

‘എല്ലാവർക്കും കരാർ’; മലയാള സിനിമയെ സുസംഘടിതമാക്കാൻ ആദ്യ നിർദേശം അവതരിപ്പിച്ച് WCC

എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള സിനിമ പെരുമാറ്റച്ചട്ടത്തിലേക്കുള്ള ആദ്യ നിര്‍ദേശമാണ് WCC പങ്കുവെച്ചത്

Author : ന്യൂസ് ഡെസ്ക്


ഹേമ കമ്മിറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന ആശയത്തെ മുന്‍നിര്‍ത്തിയുള്ള സിനിമ പെരുമാറ്റച്ചട്ടത്തിലെ ആദ്യ നിര്‍ദേശം പങ്കുവെച്ച് ഡബ്ല്യുസിസി. മലയാള സിനിമയെ സുസംഘടിതമാക്കാൻ ‘എല്ലാവർക്കും കരാർ’ എന്നതാണ് വനിത കൂട്ടായ്മയുടെ ആദ്യ നിര്‍ദേശം.

* എല്ലാ സിനിമ തൊഴിലാളികള്‍ക്കും തൊഴില്‍ കരാര്‍ (അഭിനേതാക്കള്‍ക്ക് അടക്കം)

* സിനിമയുടെ പേര്, തൊഴിലുടമയുടെയും ജീവനക്കാരന്‍റെയും വിശദാംശങ്ങള്‍

* പ്രതിഫലവും അതിന്‍റെ നിബന്ധനകളും ജോലി പ്രൊഫൈലും കാലാവധിയും ക്രെഡിറ്റുകളും വ്യക്തമാക്കണം

* POSH ക്ലോസ് എല്ലാ കരാറിലും

* ചലച്ചിത്ര വ്യവസായം അംഗീകരിക്കുന്ന കരാര്‍ രൂപരേഖകള്‍ ഉണ്ടാകണം

* കരാര്‍ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവകാശം

എന്നിവയാണ് നിര്‍ദേശത്തിലെ പ്രസക്ത ഭാഗങ്ങള്‍. സിനിമ മേഖലയിലെ നിയമലംഘനങ്ങള്‍ പരിഹരിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കഴിഞ്ഞ ദിവസം ഡബ്ല്യൂസിസി പങ്കുവെച്ചിരുന്നു. മലയാള സിനിമയിലെ എല്ലാ വിഭാഗങ്ങള്‍ക്കും സ്വീകാര്യമായ ഒരു മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വേണം തുല്യവും നീതിയുക്തവും സര്‍ഗാത്മക വൈശിഷ്ട്യവുമായ ഒരു തൊഴിലിടം ഉണ്ടാക്കാന്‍ എന്നാണ് ഡബ്ല്യുസിസി പറയുന്നത്.

തൊഴിലിടത്തില്‍ ലൈംഗിക പീഡനം പാടില്ല (2013ലെ പോഷ് നിയമം അനുശാസിക്കും വിധം) ലിംഗവിവേചനമോ പക്ഷപാതമോ ലൈംഗികാതിക്രമമോ പാടില്ല. വര്‍ഗ - ജാതി - മത - വംശ വിവേചനം പാടില്ല. ലഹരിപദാര്‍ത്ഥങ്ങള്‍ക്ക് അടിപ്പെട്ട് തൊഴിലില്‍ ഏര്‍പ്പെടാന്‍ പാടില്ല. ഏജന്റുമാര്‍ അനധികൃത കമ്മീഷന്‍ കൈപറ്റാന്‍ പാടില്ല. തൊഴിലിടത്ത് ആര്‍ക്കുമെതിരെയും ഭീഷണി, തെറിവാക്കുകള്‍, ബലപ്രയോഗം, അക്രമം, അപ്രഖ്യാപിത വിലക്ക്, നിയമപരമല്ലാത്ത തൊഴില്‍ തടസപ്പെടുത്തല്‍ എന്നിവ പാടില്ല. ലംഘനമുണ്ടായാല്‍ പരാതിപ്പെടാന്‍ ഔദ്യോഗിക പരിഹാര സമിതിയുണ്ടെന്നും ഡബ്ല്യുസിസി കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT