മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഹൃദയപൂര്‍വം'. ചിത്രം ഓണം റിലീസായി തിയേറ്ററിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സത്യന്‍ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് അഖില്‍.
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ സത്യന്‍ സിനിമയെ കുറിച്ച് സംസാരിച്ചത്. 'ഹൃദയപൂര്‍വത്തെ' മോഹന്‍ലാലിന്റെ 'പ്രേമലു' എന്നാണ് അഖില്‍ സത്യന്‍ വിശേഷിപ്പിച്ചത്.
"സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു കഥ എഴുതാന്‍ അവസരം ലഭിച്ചത് എന്റെ ഭാഗ്യമാണ്. അതേസമയം, സര്‍വം മായയിലും ഞാന്‍ ജോലി ചെയ്യുകയായിരുന്നു. ഹൃദയപൂര്‍വ്വത്തിന്റെ സംഗീത വിഭാഗവും ഞാന്‍ കൈകാര്യം ചെയ്തു. അനൂപ് അതില്‍ അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഞങ്ങള്‍ മൂന്നുപേരുടെയും ആദ്യ സഹകരണമാണിത്. ഇതൊരു വലിയ ഡ്രാമയല്ല, മറിച്ച് ലളിതമായ പ്രമേയങ്ങളും ലൈറ്റായ മോഹന്‍ലാലും ഉള്ള ഒരു സിനിമയാണ്. നര്‍മ്മവും വികാരങ്ങളും നിറഞ്ഞ ഒരു ക്ലീന്‍ ഡ്രാമയാണിത്. ഞങ്ങള്‍ തമാശയായി ഇതിനെ മോഹന്‍ലാലിന്റെ പ്രേമലു എന്ന് വിളിക്കുന്നു. ലാലേട്ടന്‍ പുഞ്ചിരിക്കുന്നത് കാണാന്‍ എനിക്ക് വ്യക്തിപരമായി ഇഷ്ടമാണ്, അവസാന ദിവസം അദ്ദേഹം പറഞ്ഞു... 'അയ്യോ, ഷൂട്ട് ഇതിനകം പൂര്‍ത്തിയായോ?'. ഞങ്ങളുടെ (അച്ഛനും സഹോദരനുമൊത്തുള്ള) സഹകരണം യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു. എനിക്ക് ഒരു ആശയം ലഭിച്ചു, അച്ചന്‍ അത് മുന്നോട്ട് കൊണ്ടുപോയി. അനൂപിനും എനിക്കും അതില്‍ കുറച്ച് രംഗങ്ങള്‍ എഴുതാനുള്ള അവസരവും ലഭിച്ചു" , അഖില്‍ പറഞ്ഞു.
കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും 'ഹൃദയപൂര്‍വ്വ'മെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. മാളവിക മോഹനന്‍ ആണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷമാണ് മാളവിക ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്.
'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. പ്രേമലുവിലെ സംഗീത് പ്രതാപും സിദ്ദിഖും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ചിന്താവിഷ്ടയായ ശ്യാമളയിലെ നടി സംഗീത മാധവന്‍ നായരും ചിത്രത്തിലുണ്ട്.