MOVIES

ഇന്ത്യന്‍ സിനിമയ്ക്ക് ഹോളിവുഡുമായി മത്സരിക്കാന്‍ സാധിക്കും: മോഹന്‍ലാല്‍

ബറോസ് പ്രേക്ഷകര്‍ക്കുള്ള സമര്‍പ്പണമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു

Author : ന്യൂസ് ഡെസ്ക്


നടന്‍ മോഹന്‍ലാല്‍ തന്റെ ആദ്യ സംവിധാന സംരംഭമായ ബറോസ് റിലീസ് ചെയ്തതിന്റെ ആഘോഷത്തിലാണ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ബറോസ് കുട്ടികള്‍ക്കുള്ള ഒരു 3ഡി സിനിമയാണ്. 2019ലാണ് ബറോസ് ആദ്യമായി പ്രഖ്യാപിക്കുന്നത്. അതിന് ശേഷം 2024 ഡിസംബര്‍ 25ന് ചിത്രം തിയേറ്ററിലെത്തി. ഇന്ത്യയില്‍ നിന്ന് മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച് ഹോളിവുഡുമായി മത്സരിക്കാന്‍ സാധിക്കുമെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. സ്‌ക്രീന്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇതേ കുറിച്ച് സംസാരിച്ചത്.

ബറോസ് പ്രേക്ഷകര്‍ക്കുള്ള സമര്‍പ്പണമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'ഇത് പ്രേക്ഷകര്‍ കാലങ്ങളായി എനിക്ക് തന്ന സ്‌നേഹത്തിനും കരുതലിനും ഉള്ള സമര്‍പ്പണമാണ്. ആ സ്‌നേഹത്തിന് അവര്‍ക്കെന്തെങ്കിലും എനിക്ക് പകരം കൊടുക്കണമായിരുന്നു. എനിക്ക് ഒരു സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ലഭിച്ചപ്പോള്‍ ഇതുവരെ ആരും നിര്‍മിക്കാത്ത തരത്തിലുള്ള സിനിമ ചെയ്യണമെന്ന് തോന്നി', എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

'ഞങ്ങള്‍ കാലാപാനി ചെയ്തപ്പോള്‍, അത് ആ കാലഘട്ടത്തിലെ പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു. അന്ന് ഞങ്ങള്‍ കരുതി ഒരുപാട് പാന്‍ ഇന്ത്യന്‍ സിനിമകള്‍ അതിന് ശേഷം ഉണ്ടാകുമെന്ന്. പക്ഷെ വര്‍ഷങ്ങളോളം ആരും അതിന് ശ്രമിച്ചില്ല. അതുപോലെ തന്നെ വാനപ്രസ്തം ആദ്യത്തെ അന്തര്‍ ദേശീയ നിര്‍മാണ സംരംഭമായിരുന്നു. ഞങ്ങള്‍ എപ്പോഴും പുതിയതെങ്കിലും ചെയ്തുകൊണ്ടിരിക്കും. പക്ഷെ എല്ലാം ഞങ്ങള്‍ക്ക് തന്നെ ചെയ്യാന്‍ സാധിക്കില്ല. മറ്റുള്ളവരും ഇത്തരം കാര്യങ്ങള്‍ മുന്‍കൈ എടുത്ത് ചെയ്യണം. നമുക്ക് അത്രയധികം റിസോഴ്‌സുകളും മികച്ച അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമുണ്ട്. നമുക്ക് ഇന്ത്യയില്‍ നിന്ന് മികച്ച സിനിമകള്‍ നിര്‍മിച്ച് ഹോളിവുഡുമായി മത്സരിക്കാന്‍ സാധിക്കും', എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

SCROLL FOR NEXT