സിനിമ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വനിതാ നിര്‍മാതാവിന് ഐക്യദാര്‍ഢ്യം അറിയിച്ച് ഡബ്ല്യുസിസി. സ്ത്രീത്വത്തെ അപമാനിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമുള്ള വനിതാ നിര്‍മാതാവിന്റെ പരാതിയില്‍ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നിവരുള്‍പ്പെടെ ഒമ്പതു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഡബ്ല്യുസിസി വനിതാ നിര്‍മാതാവിന് ഐക്യദാര്‍ഢ്യം അറിയിച്ച് രംഗത്തെത്തിയത്.
ഡബ്ല്യുസിസിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
'സിനിമയിലെ തൊഴിലുടമകള്‍' എന്നാണ് കേരളത്തിലെ ചലച്ചിത്ര നിര്‍മാതാക്കള്‍ തങ്ങളെത്തന്നെ വിശേഷിപ്പിക്കുന്നത്. അതായത് നിയമപരമായി അവര്‍ക്കൊപ്പവും അവരുടെ കീഴിലും ജോലി ചെയ്യുന്ന ഓരോരുത്തര്‍ക്കും അച്ചടക്കവും സുരക്ഷയും ഉറപ്പാക്കേണ്ടവരാണ് തൊഴിലുടമകള്‍. ഈ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളുടെ സംഘടനയുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എതിരെ തന്റെ വ്യക്തിത്വത്തെ ഹനിക്കുന്നതും, സത്രീ വിവേചനത്തോടെയുമുള്ള പെരുമാറ്റം ഉണ്ടായി എന്ന് വനിതാ നിര്‍മ്മാതാവ് പരാതികള്‍ ഉയര്‍ത്തുന്നത് വളരെ ഗുരുതരവും ആശങ്കാജനകവുമാണ്.
പരാതികള്‍ ഉന്നയിക്കപ്പെട്ടപ്പെട്ടിരിക്കുന്നത് സംഘടനാ നേതാക്കളെ കുറിച്ചാണ്. അവരിപ്പോഴും സംഘടനയുടെ തലപ്പത്തിരുന്നു കൊണ്ടാണ് കേസ് കൈകാര്യം ചെയ്യുന്നത്. സംഘടന ഈ കാര്യത്തില്‍ കുറ്റാരോപിതര്‍ക്കൊപ്പമാണ് നില്‍ക്കുന്നത് എന്നതിന്റെ തെളിവുകൂടിയാണിത്. കേസിന്റെ ധാര്‍മികമായ ഉത്തരവാദിത്തം പങ്കിട്ടുകൊണ്ട് താല്‍കാലികമായി സ്ഥാനത്തു നിന്ന് മാറി നില്‍ക്കാന്‍ പോലും ഇതുവരെ നേതാക്കന്‍മാര്‍ മിനക്കെട്ടിട്ടില്ല.
മലയാള ചലച്ചിത്ര വ്യവസായത്തെ നയിക്കേണ്ടത് കൃത്യമായ പ്രൊഫഷണല്‍ മൂല്യങ്ങളാണ് എന്നും കാലഹരണപ്പെട്ട ഏതെങ്കിലും അധികാര സമവാക്യങ്ങള്‍ക്കുള്ളില്‍ ഈ മേഖല തളച്ചിടപ്പെടേണ്ടതല്ലെന്നും ഉറപ്പാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തന്റെ മേഖലയിലെ ദുഷ്പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ വനിതാ നിര്‍മ്മാതാവിന് പൂര്‍ണമായ ഐക്യദാര്‍ഢ്യം അറിയിക്കുന്നു. ഇവിടെ സ്വന്തം വഴി വെട്ടിത്തെളിക്കുന്നതിന് അസാമാന്യമായ ധൈര്യം ആവശ്യമാണ്. ഹേമകമ്മറ്റി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്ന 'നിശബ്ദതയുടെ സംസ്‌കാരം' പ്രതിഷേധിക്കുന്ന സ്വരങ്ങളെ എങ്ങനെ അടിച്ചമര്‍ത്തുന്നു എന്നതിന്റെ സാക്ഷ്യമാണ്.
അസോസിയേഷന്‍ പ്രസിഡന്റ് ആന്റോ ജോസഫ്, സെക്രട്ടറി ബി. രാകേഷ്, ട്രഷറര്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, അനില്‍ തോമസ്, സിയാദ് കോക്കര്‍, ഔസേപ്പച്ചന്‍, ഷെര്‍ഗ, സെഞ്ച്വറി കൊച്ചുമോന്‍, സുബൈര്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. സിനിമ നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ അസോസിയേഷന് നല്‍കിയ പരാതി ചര്‍ച്ച ചെയ്യാന്‍ ഓഫീസില്‍ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തില്‍ പെരുമാറുകയും ചെയ്തെന്നാണ് പരാതിയില്‍ പറയുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് ലഭിച്ച പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസാണ് കേസെടുത്തത്.