2024ലെ ഏറ്റവും അധികം ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രമാണ് സ്ത്രീ 2. പക്ഷെ സിനിമ കണ്ട എല്ലാവരും ഒരുപോലെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. സിനിമയില്‍ ശ്രദ്ധാ കപൂറിന്റെ കഥാപാത്ത്രതിന്റെ പേരെന്താണ് എന്നതാണ് ആ ചോദ്യം. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ അമര്‍ കൗശിക് അത് കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ്. 'ശ്രദ്ധയുടെ കഥാപാത്രത്തിന്റെ പേര് ഒരു വലിയ രഹസ്യമാണ്. അത് അറിയാന്‍ എല്ലാവരും കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരും', എന്നാണ് സംവിധായകന്‍ പറഞ്ഞത്.
മുന്നി എന്നായിരിക്കും ശ്രദ്ധയുടെ പേര് എന്ന നിലയ്ക്ക് ചില ഫാന്‍ തീയറികള്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. മൂഞ്ചിയ എന്ന അമര്‍ കൗശിക് നിര്‍മിച്ച ഹൊറര്‍ കോമഡി ചിത്രത്തെ ആസ്പദമാക്കിയാണ് അത്തരത്തിലുള്ള ഫാന്‍ തീയറികള്‍ വരുന്നത്. എന്നാല്‍ അതിനെയെല്ലാം നിഷേധിച്ചിരിക്കുകയാണ് സംവിധായകന്‍ അമര്‍ കൗശിക്.
സിനിമയിലെ ശ്രദ്ധയുടെ കഥാപാത്രത്തിന്റെ പേര് മറ്റ് അഭിനേതാക്കള്‍ക്കും അറിയില്ലായിരുന്നു എന്നാണ് അമര്‍ കൗശിക് പറഞ്ഞത്. രാജ്കുമാര്‍ റാവുവിന് സിനിമയുടെ അവസാന ഭാഗത്തില്‍ വെച്ചാണ് ആ പേര് പറഞ്ഞു കൊടുക്കുന്നത്. ശ്രദ്ധ രാജ്കുമാറിന്റെ ചെവിയില്‍ രഹസ്യമായി പറയുകയായിരുന്നെന്നും അത് കേട്ട് രാജ്കുമാറിന്റെ പ്രതികരണം നാച്വറല്‍ ആയിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീ ഫ്രാഞ്ചൈസില്‍ മൂന്നാം ഭാഗം വരാന്‍ സാധ്യതയുണ്ടെന്ന രീതിയിലാണ് സ്ത്രീ 2 അവസാനിക്കുന്നത്.
രാജ്കുമാര്‍ റാവു, ശ്രദ്ധാ കപൂര്‍ എന്നിവര്‍ക്ക് പുറമെ ചിത്രത്തില്‍ പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി, അപര്‍ശക്തി ഖുറാന, തമന്ന ഭാട്ടിയ, വരുണ്‍ ധവാന്‍, അക്ഷയ് കുമാര്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. ബോക്‌സ് ഓഫീസില്‍ ചിത്രം ഇതുവരെ 600 കോടിയാണ് നേടിയത്. ചിത്രം ഷാരൂഖ് ഖാന്റെ ജവാനെയും ബോക്‌സ് ഓഫീസില്‍ പിന്നിലാക്കിയിരുന്നു.