ഷെഫാലി ജാരിവാല  Source : Instagram
MOVIES

വെറും 7000 രൂപ പ്രതിഫലം, പക്ഷെ ഒറ്റ രാത്രികൊണ്ട് താരമായി മാറി; ആരാണ് 'കാട്ടാ ലഗാ ഗേള്‍' ഷെഫാലി ജാരിവാല?

'കാട്ടാ ലഗാ'യിലൂടെ ഷെഫാലിക്ക് മുന്നില്‍ ഹിന്ദി സിനിമ എന്ന ലോകം കൂടിയാണ് തുറന്നത്. 'മുജ്‌സെ ശാദി കരോഗി' എന്ന ചിത്രത്തിലൂടെ അവര്‍ ബോളിവുഡിലേക്ക് അരംങ്ങേറി.

Author : ന്യൂസ് ഡെസ്ക്

'കാട്ടാ ലഗാ' മ്യൂസിക് വീഡിയോയിലൂടെ ഒറ്റ രാത്രികൊണ്ട് സെന്‍സേഷനാവുകയായിരുന്നു ഷെഫാലി ജാരിവാല. അതോടെ അവര്‍ 'കാട്ടാ ലഗാ ഗേള്‍' എന്ന് അറിയപ്പെട്ടു. ആരാധകരെ ഞെട്ടിച്ചുകൊണ്ട് 'കാട്ടാ ലഗാ ഗേള്‍' എന്ന ഷെഫാലി ജാരിവാല അന്തരിച്ചു എന്ന വാര്‍ത്തയാണ് ഇന്ന് രാവിലെ പുറത്തുവന്നത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് നിലവില്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമെ യഥാര്‍ത്ഥ മരണകാരണം പുറത്തുവരുകയുള്ളൂ. എങ്ങനെയാണ് ഷെഫാലി ജാരിവാല 'കാട്ടാ ലഗാ ഗേള്‍' ആയി മാറിയത്? അതിന് ശേഷം വ്യത്യസ്ത വിനോദ മേഖലകളില്‍ തന്റെ കഴിവ് തെളിയിച്ച താരം കൂടിയാണ് ഷെഫാലി ജാരിവാല.

'സമാധി' എന്ന 1972ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രത്തിലെ ഗാനമാണ് 'കാട്ടാ ലഗാ'. 2000ലാണ് ഈ ഗാനത്തിന്റെ റീമിക്‌സ് വേര്‍ഷന്‍ ഡി.ജെ ഡോളുമായി ചേര്‍ന്ന് ടി സീരീസ് പുറത്തിറക്കുന്നത്. ആല്‍ബത്തില്‍ അഭിനയിക്കാന്‍ എത്തിയത് ഷെഫാലി ജാരിവാല എന്ന പെണ്‍കുട്ടിയായിരുന്നു.

കോളേജിന് മുന്‍പില്‍ അലഞ്ഞുതിരിഞ്ഞു നടക്കുമ്പോള്‍ സംവിധായകരായ രാധിക റാവുവും വിനയ് സപ്രുവും ജാരിവാലയെ അന്വേഷിച്ച് വരുകയായിരുന്നു. വെറും 7000 രൂപ മാത്രം പ്രതിഫലം വാങ്ങി കൊണ്ടാണ് ഷെഫാലി 'കാട്ടാ ലഗാ' എന്ന മ്യൂസിക് വീഡിയോയില്‍ അഭിനയിച്ചത്. എന്നാല്‍ വീഡിയോ ഒറ്റ രാത്രി കൊണ്ട് രാജ്യം ഒട്ടാകെ സെന്‍സേഷനായി മാറുമെന്നത് ആരും കരുതിയിരുന്നില്ല. അതോടെ ഷെഫാലി 2000-ത്തിന്റെ തുടക്കത്തില്‍ പോപ്പ് സംസ്‌കാരത്തിന്റെ പ്രതീകമായി മാറുകയായിരുന്നു.

മ്യൂസിക് വീഡിയോയില്‍ അഭിനയിക്കുന്ന ആശയത്തോടെ തന്റെ അച്ഛന്‍ എതിരായിരുന്നു എന്ന് ഷെഫാലി മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. "എന്റെ അച്ഛന്‍ അതിനെ പൂര്‍ണമായും എതിര്‍ത്തു. അതുകൊണ്ട് ഞാന്‍ ആദ്യം അമ്മയെ പറഞ്ഞ് മനസിലാക്കി. പിന്നീട് ഞങ്ങള്‍ രണ്ട് പേരും ചേര്‍ന്ന് അച്ഛനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. ആ പാട്ട് വളരെ ഹിറ്റായി മാറുകയായിരുന്നു. അതെനിക്ക് ഒരു ഫെയറിടെയില്‍ പോലെയാണ് തോന്നുന്നത്. എന്റെ ജീവിതത്തെ അത് പൂര്‍ണമായും മാറ്റി മറച്ചു", എന്നാണ് അഭിമുഖത്തില്‍ ഷെഫാലി പറഞ്ഞത്.

'കാട്ടാ ലഗാ'യിലൂടെ ഷെഫാലിക്ക് മുന്നില്‍ ഹിന്ദി സിനിമ എന്ന ലോകം കൂടിയാണ് തുറന്നത്. 'മുജ്‌സെ ശാദി കരോഗി' എന്ന ചിത്രത്തിലൂടെ അവര്‍ ബോളിവുഡിലേക്ക് അരംങ്ങേറി. ആ ചിത്രത്തിലൂടെ സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, പ്രിയങ്ക ചോപ്ര എന്നീ മുന്‍നിര താരങ്ങള്‍ക്കൊപ്പം ഷെഫാലി അഭിനയിച്ചു. 2004ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ കൊമേഷ്യല്‍ വിജയമായി മാറുകയും ബോക്‌സ് ഓഫീസില്‍ ബ്ലോക്ബസ്റ്റര്‍ ആവുകയും ചെയ്തു.

അതിന് ശേഷം ഷെഫാലി ഒരുപാട് മ്യൂസിക് വീഡിയോകളുടെ ഭാഗമായിരുന്നു. പിന്നീട് ടെലിവിഷനിലേക്കും ഷെഫാലി കാലെടുത്തുവെച്ചു. സെലിബ്രിറ്റ് ഡാന്‍സ് ഷോ ആയ 'നച്ച് ബലിയെ'യിലൂടെയാണ് അവര്‍ റിയാലിറ്റി ടിവി ഷോകളുടെ ഭാഗമാകുന്നത്. പരാഗ് ത്യാഗി എന്ന നടനൊപ്പമാണ് അവര്‍ പരിപാടിയില്‍ പങ്കെടുത്തത്. അന്ന് ബോയ്ഫ്രണ്ടായിരുന്ന പരാഗ് ത്യാഗിയെ 2014ല്‍ ഷെഫാലി വിവാഹം കഴിച്ചിരുന്നു. 'നച്ച് ബലിയേ'യില്‍ അവരുടെ കെമിസ്ട്രി വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. 2018ല്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കും ഷെഫാലി കടന്നുവന്നു. എ.എല്‍.ടി ബാലാജിയുടെ അഡള്‍ട് കോമഡി വെബ് സീരീസായ 'ബേബി കം നാ'യിലൂടെയാണ് അവര്‍ തന്റെ അരങ്ങേറ്റം കുറിച്ചത്.

SCROLL FOR NEXT