MOVIES

റീ റിലീസെന്തിന്? ; പലയിടത്തും ഷോ ക്യാൻസൽഡ്, ഒറ്റ ടിക്കറ്റ് പോലും വിറ്റു പോകാതെ പാലേരി മാണിക്യം

തിരുവനന്തപുരം ഏരീസ് പ്ലസ് അടക്കമുള്ള തിയേറ്ററുകളിൽ ആണ് ഷോ ഒഴിവാക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

രഞ്ജിത് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ'യുടെ റീ-റിലീസ് പലയിടത്തും മുടങ്ങി. ചിത്രത്തിന്റെ ഒറ്റ ടിക്കറ്റ് പോലും വിറ്റു പോകാതായതോടെയാണ് പലയിടങ്ങളിലും ഷോ ക്യാൻസലായത്. തിരുവനന്തപുരം ഏരീസ് പ്ലസ് അടക്കമുള്ള തിയേറ്ററുകളിൽ ആണ് ഷോ ഒഴിവാക്കിയിരിക്കുന്നത്.

ഈ ചിത്രത്തിന്റെ റീ-റിലീസ് എന്തിനായിരുന്നു എന്ന തരത്തിൽ ചിലരുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. റീ-റിലീസുമായി ബന്ധപ്പെട്ട് ആവശ്യമായ പ്രൊമോഷന്‍ നടത്തിയില്ലെന്ന പരാതിയും ഇവര്‍ ഉന്നയിക്കുന്നുണ്ട്. അതേസമയം, കൊച്ചി വനിത-വിനീത തിയേറ്ററിൽ വെള്ളിയാഴ്ച വൈകീട്ടുള്ള ഷോയുടെ ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്.

കഴിഞ്ഞ മാസമാണ് രഞ്ജിത്ത് സംവിധാനം ചെയ്ത 'പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ' റീ-റിലീസ് ചെയ്യുന്നതായി വാർത്തകൾ പുറത്തുവന്നത്. മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു പാലേരി മാണിക്യം.

ടി.പി. രാജീവൻ എഴുതിയ നോവൽ സിനിമയാക്കിയപ്പോൾ മൂന്ന് റോളുകളിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. സംഭാഷണ ശൈലിയിലും, ശരീര ചലനങ്ങളിലും അടിമുടി വ്യത്യസ്തമായിരുന്നു ഈ മൂന്ന് കഥാപാത്രങ്ങളും. ആ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ചിത്രത്തിലെ പ്രകടനത്തിന് ശ്വേത മേനോനും കരസ്ഥമാക്കിയിരുന്നു. യൗവനം മുതല്‍ വാര്‍ധക്യം വരെയുള്ള ചീരു എന്ന കഥാപാത്രത്തിന്‍റെ കാലങ്ങളെ മനോഹരമായി നടി അവതരിപ്പിച്ചിരുന്നു.

മൈഥിലി, ശ്രീനിവാസൻ, സിദ്ദീഖ്, സുരേഷ് കൃഷ്ണ, മുഹമ്മദ് മുസ്തഫ, ശശി കലിംഗ, ടി. ദാമോദരൻ, വിജയൻ വി നായർ, ഗൗരി മുഞ്ജൽ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

SCROLL FOR NEXT