മോഹന്‍ലാല്‍, അമല്‍ നീരദ്  Source : Facebook
MOVIES

'ബിലാലിന്' മുന്‍പ് എത്തുന്നത് മോഹന്‍ലാല്‍ ചിത്രമോ? മറുപടി പറഞ്ഞ് അമല്‍ നീരദ്

ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'ബോഗെയിന്‍വില്ല'യാണ് അവസാനമായി തിയേറ്ററിലെത്തിയ അമല്‍ നീരദ് ചിത്രം.

Author : ന്യൂസ് ഡെസ്ക്

വലിയ പ്രതീക്ഷകളോടെയാണ് അമല്‍ നീരദിന്റെ ഓരോ ചിത്രത്തിനായും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന ചിത്രത്തെ കുറിച്ച് സമൂഹമാധ്യമത്തില്‍ വലിയ ചര്‍ച്ചകളും അഭ്യൂഹങ്ങളും നടക്കുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിങ്ങനെ അമല്‍ നീരദിന്റെ അടുത്ത ചിത്രത്തിലെ നായകന്‍മാരുടെ പേരുമായി സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങളാണ് കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്നത്.

2009ലെ 'സാഗര്‍ ഏലിയാസ് ജാക്കി' എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലുമായി അമല്‍ നീരദ് വീണ്ടും ഒന്നിക്കുന്നു എന്നതായിരുന്നു പുതിയ അഭ്യൂഹം. സിനിമയില്‍ മോഹന്‍ലാലിനൊപ്പം സൗബിന്‍ ഷാഹിറും ആസിഫ് അലിയും ഉണ്ടെന്നും സൂചനകള്‍ ഉണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇപ്പോഴിതാ അമല്‍ നീരദ് തന്നെ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. 'എന്റെ അടുത്ത സിനിമ ഏതായിരിക്കുമെന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. എന്റെ വരാനിരിക്കുന്ന സിനിമയെ കുറിച്ച് എനിക്ക് അറിയാത്ത എന്തെങ്കിലും പുതിയ വാര്‍ത്തകള്‍ എല്ലാ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്', എന്നാണ് ഒടിടി പ്ലേയോട് അമല്‍ നീരദ് പറഞ്ഞത്.

എന്നിരുന്നാലും ഒരു സൂപ്പര്‍സ്റ്റാര്‍ നായകനാകുന്ന സിനിമ ചെയ്യുന്നുണ്ടെന്നത് അദ്ദേഹം നിഷേധിച്ചില്ല. 'സത്യം പറഞ്ഞാല്‍, നിരവധി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എന്നാല്‍ അടുത്ത സിനിമ ഏതാണെന്ന് ഞങ്ങള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല', എന്നും അമല്‍ കൂട്ടിച്ചേര്‍ത്തു.

ലാജോ ജോസിന്റെ 'റൂത്തിന്റെ ലോകം' എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ 'ബോഗെയിന്‍വില്ല'യാണ് അവസാനമായി തിയേറ്ററിലെത്തിയ അമല്‍ നീരദ് ചിത്രം. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

അതേസമയം മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ചിത്രത്തില്‍ മമ്മൂട്ടിയും കേന്ദ്ര കഥാപാത്രമാണ്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും ചിത്രത്തിലുണ്ട്. വിഷ്ണു മഞ്ചുവിന്റെ 'കണ്ണപ്പ'യാണ് റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം. ജൂണ്‍ 27ന് ചിത്രം തിയേറ്ററിലെത്തും. അതോടൊപ്പം സത്യന്‍ അന്തിക്കാടിന്റെ 'ഹൃദയപൂര്‍വം', 'വൃഷഭ' എന്നിവയാണ് വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.

SCROLL FOR NEXT