പുഷ്പ 2 പ്രീമിയര്‍ ഷോ കാണാനെത്തി തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്കറിനും മക്കളായ തേജിനും (9) സാന്‍വിക്കും (7) ഒപ്പമാണ് സന്ധ്യ തിയറ്ററില്‍ രേവതി പ്രീമിയര്‍ ഷോ കാണാന്‍ എത്തിയത്.
തിക്കിലും തിരക്കിലും പെട്ട് രേവതി ബോധംകെട്ട് നിലത്ത് വീഴുകയായിരുന്നു. തുടര്‍ന്ന് ആളുകള്‍ രേവതിയുടെ പുറത്തേക്ക് വീഴുകയും നില ഗുരുതരമാകുകയും ചെയ്തു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതിയുടെ ജീവന് രക്ഷിക്കാനായില്ല.
രേവതിയുടെ ഒപ്പം ഉണ്ടായിരുന്ന മകന് തേജും ബോധം കെട്ട് വീഴുകയായിരുന്നു. തേജിന്റെ ആരോഗ്യനില നിലവില്‍ തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. പരിക്കേറ്റ രേവതിയുടെ ഭര്‍ത്താവ് ഭാസ്കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.
സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 കേരളത്തില്‍ 500ലധികം സ്ക്രീനുകളിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ അല്ലു അര്ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങി ഒട്ടനവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്.