ഗാല്‍ ഗഡോട്ട് Source : X and Facebook
MOVIES

വീണ്ടും 'വണ്ടര്‍ വുമണ്‍' വരുന്നു; ഗാല്‍ ഗഡോട്ടില്ലാതെ?

പുതിയ 'വണ്ടര്‍ വുമണ്‍' സിനിമയുടെ ക്രിയേറ്റീവ് ടീമിനെയും ഇതുവരെ തീരുമാനിച്ചിട്ടില്ല

Author : ന്യൂസ് ഡെസ്ക്

ജൂലൈ 11ന് 'സൂപ്പര്‍ മാന്‍' തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. അതോടൊപ്പം 2026 ജൂണില്‍ 'സൂപ്പര്‍ ഗേള്‍ : വുമണ്‍ ഓഫ് ടുമാറോ'യും പ്രേക്ഷകരിലേക്ക് എത്തും. ഈ സാഹചര്യത്തിലാണ്, ഡിസി സ്റ്റുഡിയോസിന്റെ സഹ മേധാവിമാരായ ജെയിംസ് ഗണ്ണും പീറ്റര്‍ സഫറാനും 'വണ്ടര്‍ വുമണ്‍' വീണ്ടും ഒരുങ്ങുന്നു എന്ന പ്രഖ്യാപനം നടത്തിയത്. എന്റര്‍ട്ടെയിന്‍മെന്റ് വീക്കിലിക്ക് നല്‍കിയ അഭിമുഖത്തിലാണ് ജെയിംസ് ഗണ്‍ വണ്ടര്‍ വുമണിന്റെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണെന്ന് അറിയിച്ചത്.

"ഞങ്ങള്‍ ഇപ്പോള്‍ വണ്ടര്‍ വുമണിന്റെ പണിപ്പുരയിലാണ്. നിലവില്‍ തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്", എന്നാണ് ഗണ്‍ പറഞ്ഞത്. എന്നാല്‍ ചിത്രത്തില്‍ വണ്ടര്‍ വുമണായി ഗാല്‍ ഗഡോട്ട് മടങ്ങി വരുമോ എന്നതിന് ജെയിംസ് ഗണ്‍ വ്യക്തത വരുത്തിയിട്ടില്ല. നിലവില്‍ ആ റോള്‍ ചെയ്യുന്നത് ആരാണെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മാത്രമാണ് ജെയിംസ് അറിയിച്ചത്.

ഡിസി സിനിമകളായ 'ബാറ്റ്മാന്‍ വേഴ്‌സസ് സൂപ്പര്‍മാന്‍ : ഡോണ്‍ ഓഫ് ജസ്റ്റിസ്', പാറ്റി ജെന്‍കിന്‍സ് സംവിധാനം ചെയ്ത 'വണ്ടര്‍ വുമണി'ന്റെ രണ്ട് ഭാഗങ്ങള്‍, 'ഫ്യൂറി ഓഫ് ദി ഗോഡ്സ്', 'ദി ഫ്‌ലാഷ്' എന്നീ ചിത്രങ്ങളില്‍ വണ്ടര്‍ വുമണായി അഭിനയിച്ചത് നടി ഗാല്‍ ഗഡോട്ടാണ്. ജെയിംസ് ഗണ്ണും പീറ്റര്‍ സഫറാനും ഡിസി സഹ മേധാവികളായതിന് പിന്നാലെ ഗാല്‍ കേന്ദ്ര കഥാപാത്രമായ വണ്ടര്‍ വുമണ്‍ 3യുടെ ഷൂട്ടിംഗ് റദ്ദാക്കിയായിരുന്നു.

അതേസമയം പുതിയ 'വണ്ടര്‍ വുമണ്‍' സിനിമയുടെ ക്രിയേറ്റീവ് ടീമിനെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഗാല്‍ ഗഡോട്ട് ചിത്രത്തിന്റെ ഭാഗമാകില്ലെന്നാണ് വാര്‍ത്തകളില്‍ നിന്ന് വ്യക്തമാകുന്നത്. അതോടൊപ്പം പുതിയ 'വണ്ടര്‍ വുമണ്‍' സംവിധാനം ചെയ്യുന്നത് പാറ്റി ജെന്‍കിന്‍സ് ആയിരിക്കില്ലെന്നും വ്യക്തമാണ്.

SCROLL FOR NEXT