സിൽക്ക് സിമിതയെക്കുറിച്ച് അനു പാപ്പച്ചൻ Source: News Malayalam 24X7
MOVIES

" പ്രൊഫഷനിലും ജീവിതത്തിലും ചതിക്കപ്പെട്ട സ്ത്രീയുടെ തകർച്ചയുടെ നേർസാക്ഷ്യമാണ് സ്മിതയുടെ ജീവിതം"

അന്ന് ചുറ്റും കേട്ടത് ഇങ്ങനെയുള്ളവൾമാർ ഇങ്ങനെത്തന്നെ മരിക്കയുള്ളൂ. വിധി അങ്ങനെ തന്നെയേ വരൂ എന്നാണ്. വേറെ ചിലർ ആഗ്രഹിച്ചത് ചത്തിട്ടാണെങ്കിലും ആ ' ശരീരം' ഒന്ന് കാണാൻ പറ്റിയാ മതിയായിരുന്നു എന്നും.

Author : അനു പാപ്പച്ചന്‍

സ്മിതയുടെ ചരമദിനത്തിൽ പലവിധ ഓർമ്മപ്പെടുത്തലുകൾ വായിക്കുകയായിരുന്നു. 'വിശുദ്ധ ലൈംഗികത' , ' മാദകത്വത്തിൻ്റെ സ്വാതന്ത്ര്യം' എന്ന രീതിയിൽ / പ്രയോഗങ്ങളിൽ ഏതാണ്ട് ഈ വായനകളെ സംഗ്രഹിക്കാം വായിക്കുമ്പോൾ വലിയ പുരോഗമനപരമെന്ന് തോന്നും. ഇത്രയും വകതിരിവോടെ മനുഷ്യരെ പരിഗണിക്കുന്ന ഒരു സമൂഹമായിരുന്നെങ്കിൽ അന്ന് സ്മിത ജീവിതം കൈവിടേണ്ടതില്ലായിരുന്നല്ലോ. അന്നത്തെ പോട്ടെ, നിലവിൽ കാഴ്‌ചപ്പാടുകളിലൊക്കെ ഇത്രകണ്ട് പുരോഗമനം വന്ന സമൂഹമാണെങ്കിൽ അത് സമൂഹത്തിൽ പ്രതിഫലിക്കണമല്ലോ. സ്മിതയുടെ പുനരോർമ്മകളിൽ സ്നേഹം ചൊരിയുന്ന ഇതേ ആൾക്കൂട്ടമോ ഇവരുടെ പതിപ്പുകളോ തന്നെയല്ലേ വസ്ത്രം മാറിയാൽ ഒളിഞ്ഞു നോക്കുന്നതും കമൻറിടുന്നതും കേട്ടാൽ അറയ്ക്കുന്ന തെറിയുമായി വരുന്നതും.

സ്മിത മരിക്കുമ്പോൾ സ്കൂളിൽ പഠിക്കയായിരുന്നു. അന്ന് ചുറ്റും കേട്ടത് ഇങ്ങനെയുള്ളവൾമാർ ഇങ്ങനെത്തന്നെ മരിക്കയുള്ളൂ. വിധി അങ്ങനെ തന്നെയേ വരൂ എന്നാണ്. വേറെ ചിലർ ആഗ്രഹിച്ചത് ചത്തിട്ടാണെങ്കിലും ആ ' ശരീരം' ഒന്ന് കാണാൻ പറ്റിയാ മതിയായിരുന്നു എന്നും. ഇപ്പോൾ സ്മിത സിനിമക്ക് നല്കിയ സംഭാവനയായി മാദകത്വത്തെ തിരയിൽ അവതരിപ്പിച്ചതിനെ വാഴ്ത്തുന്നു. അതിനപ്പുറത്തേക്കുള്ള മറ്റു വിലയിരുത്തലുകളിൽ താല്പര്യവും കാണുന്നില്ല. തങ്ങളുടെ മനസ്സിലെ രതി സ്വപ്നത്തെ നഷ്ടപ്പെട്ടതിലുള്ള വിലാപമോ ദു:ഖമോ ആണ് സ്നേഹമെന്ന മട്ടിൽ പുറത്തേക്കൊഴുകുന്നത്.

എന്നാൽ സ്നേഹവും പരിഗണനയും വേണ്ടിയിരുന്ന കാലത്ത് ഒരുത്തരും അത് കൊടുത്തതുമില്ല. മാധവിക്കുട്ടിക്ക് തെറിക്കത്തുകൾ അയച്ചിരുന്നവർ ഇന്ന് പുണ്യപ്പെടുത്തി ആരാധിക്കുന്നതു പോലെ തന്നെ! സ്മിത ഒരു തൻ്റേടിയായ സ്ത്രീയേ ആയിരുന്നില്ല എന്നാണ് ചരിത്ര വായനകളുടെ സൂചനകൾ.. എല്ലാവരേയും സ്നേഹിക്കാനും വിശ്വസിക്കാനും എല്ലാവരാലും സ്നേഹിക്കപ്പെടാനും മോഹിച്ച ഒരു പാവം സ്ത്രീയായിരുന്നു.

നേരെ മറിച്ച് സീമയെ നോക്കിയാൽ അവർ ഒരു തൻ്റേടിയായിരുന്നു . സിനിമ ജീവനോപാധിയായി കണ്ടു തന്നെ കടന്നു വന്ന ശാന്തി എന്ന സീമ പിന്നണി നർത്തകിയിൽ നിന്ന് നായികയായി ദീർഘകാലം കരുത്തോടെ സിനിമയിൽ തുടർന്നു. . അവളുടെ രാവുകളിലെ ശരീരം വിറ്റ് ജീവിക്കുന്ന രാജിയുടെ കഥാപാത്രം സീമയെത്തേടിയെത്തുമ്പോൾ ജീവിക്കാൻ പണം വേണം അതിനായി അഭിനയിക്കുന്നു. എന്ന രീതിയിൽ മാത്രമാണ് അതിനെ സ്വീകരിച്ചത് എന്ന് സീമ തന്നെ പറഞ്ഞിട്ടുണ്ട്. ആദ്യ മുഖ്യവേഷത്തിൽ വേശ്യയായി പ്രത്യക്ഷപ്പെട്ടിട്ടും ആ രീതിയിൽ ടൈപ് ചെയ്യപ്പെടാതിരിക്കാൻ കഴുതപ്പുലി നോട്ടമുള്ള ഇൻഡസ്ട്രിയിൽ നിലനിന്ന സീമയുടെ കരുത്ത് ചെറുതല്ല. അവളടെ രാവുകളിലെ (1978) 'രാജി' ( രാജമ്മ ) എന്ന വേശ്യയുടെ വേഷത്തിൽ നിന്ന് തുടങ്ങി മഹായാനത്തിലെ (1989) തന്റേടിയായ രാജമ്മയിലേക്കുള്ള മാറ്റം ഒരു ആർട്ടിസ്റ്റിൻ്റെ അതിജീവന ചരിത്രമാണ്.

എന്നാൽ പ്രൊഫഷനിലും ജീവിതത്തിലും ചതിക്കപ്പെട്ട സ്ത്രീയുടെ തകർച്ചയുടെ നേർസാക്ഷ്യമാണ് സ്മിതയുടെ ജീവിതം. ഇന്ന് സണ്ണി ലിയോണിനെപ്പോലെ തൻ്റെ പ്രൊഫഷന്‍ സ്വയം തിരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും വലിയ വ്യവസായത്തിൻ്റെ ഭാഗമായി വിജയിച്ചു നില്ക്കുന്നതു പോലല്ലായിരുന്നു സ്മിത. സ്വയം തിരഞ്ഞെടുത്തവ അല്ലായിരുന്നു അവരുടെ വേഷങ്ങളിൽ ഭൂരിഭാഗവും. വിപണിയുടെയും മനുഷ്യരുടെയും സമ്മർദ്ദങ്ങൾക്ക് ഇരപ്പെട്ടതിനെ കുറിച്ച് അവരും അവരുടെ സമകാലികരും നിരവധി അനുഭവങ്ങൾ പങ്കുവച്ചിട്ടുണ്ട്. നല്ല സിനിമകൾ എപ്പോഴെങ്കിലും ചെയാൻ പറ്റുമെന്നവർ സ്വപ്നം കണ്ടു. പക്ഷേ അവസരങ്ങൾ ആ വഴി വന്നതേയില്ല. തകർന്നു പോയ ആ ജീവിതം നോക്കി സ്മിതയെ... വിജയലക്ഷ്മി. കാലത്തെ കീഴടക്കിയവൾ എന്ന വിധം ഇക്കാലത്ത് മഹത്വപ്പെടുത്തുമ്പോൾ അവരെ ആ അർഥത്തിൽ ഉൾക്കൊള്ളുന്നുണ്ടോ? മനസിലാക്കുന്നുണ്ടോ? തങ്ങളുടെ രതി ഭാവന ഉത്തേജിപ്പിക്കപ്പെട്ട ആനന്ദത്തിൻ്റെ വാഴ് വിനെ കുറിച്ചല്ലാതെ മറ്റെന്താണ് ഇപ്പോഴും വർണ്ണിച്ചു കൊണ്ടിരിക്കുന്നത്?"

SCROLL FOR NEXT