ഇന്ത്യന്‍ സംഗീതത്തെ എ.ആര്‍ റഹ്മാന് ശേഷം ഓസ്കാര്‍ വേദിയില്‍ മഹനീയമാക്കിയ സംഗീത വിസ്മയം. ദേശവും ഭാഷയും കടന്ന് ഒരു ഗാനത്തെ മുഴുവന്‍ ആസ്വാദകരിലേക്കെത്തിച്ച സംഗീത വൈഭവം. കൊടൂരി മരകതമണി കീരവാണിയെന്ന എം.എം കീരവാണിയ്ക്ക് ഇന്ന് 63-ാം പിറന്നാള്‍.
ചലച്ചിത്ര ഗാനനിരൂപകനും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ രവി മേനോന്‍ എം.എം കീരവാണിയെന്ന സംഗീത സംവിധായകനെ, വ്യക്തിയെ കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്...
ജീവിതത്തിലേറ്റവും കടപ്പാട് അച്ഛൻ ശിവശക്തി ദത്തയോടാണ്; സിനിമയിൽ സഹോദരതുല്യനായ എസ് എസ് രാജമൗലിയോട്; സംഗീതത്തിലാകട്ടെ രാജാമണിയോടും.
രാജാമണിയുടെ സ്‌നേഹവും പിന്തുണയുമില്ലായിരുന്നെങ്കിൽ സിനിമയുടെ മായാലോകത്ത് നിലയുറപ്പിക്കാൻ കഴിയാതെ പോയേനെ എന്ന് വിശ്വസിക്കുന്നു കീരവാണി. മനസ്സ് നിറയെ സംഗീതസ്വപ്നങ്ങളുമായി സിനിമാനഗരത്തിൽ വന്നിറങ്ങിയ നാട്ടിൻപുറത്തുകാരന് ചുറ്റുമുള്ള ലോകം അപരിചിതമായി തോന്നിയത് സ്വാഭാവികം. അവന് വേണ്ടിയിരുന്നത് സ്‌നേഹവും കരുതലും നിറഞ്ഞ ഒരു തണലാണ്. അത് നൽകിയത് രാജാമണിയും. "ആർ ആർ ആർ" എന്ന തെലുങ്ക് ചിത്രത്തിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ പേരിലുള്ള ഓസ്കർ സ്വീകരിക്കാൻ ലോസാഞ്ചലസിലെ പ്രൗഢവേദിയിൽ നിൽക്കുമ്പോൾ തീർച്ചയായും രാജാമണിയെ മനസ്സുകൊണ്ട് നമിച്ചിരിക്കും കീരവാണി.
അറുപത്തിരണ്ടാം വയസ്സിൽ കീരവാണിയെ തേടിയെത്തിയ ഓസ്കർ അവാർഡ് മലയാളികൾക്കും അഭിമാനം പകരുന്ന നേട്ടം. ശിശിരകാല മേഘമിഥുന രതിപരാഗവും, ശശികല ചാർത്തിയ ദീപാവലിയും തരളിത രാവിൽ മയങ്ങുന്ന സൂര്യമാനസവുമൊക്കെ ഇപ്പോഴും നമ്മുടെ ചുണ്ടിലും മനസ്സിലുമുണ്ടല്ലോ. "ഏറ്റവും ആസ്വദിച്ച് ഈണമിട്ടവയാണ് മലയാളത്തിലെ പാട്ടുകളെല്ലാം. ഇത്രയും സ്വാതന്ത്ര്യം അനുവദിക്കുന്ന സിനിമാലോകം വേറെയില്ല.''-- കീരവാണിയുടെ വാക്കുകൾ.
സുഹൃത്തായ ഗിറ്റാറിസ്റ്റ് സുരേഷ് ബാലറാം വഴിയാണ് മലയാളത്തിലെ പഴയകാല സംഗീതസംവിധായകന്‍ ചിദംബരനാഥിന്റെ മകന്‍ രാജാമണിയെ കീരവാണി പരിചയപ്പെടുന്നത്. ജീവിതത്തിന്റെ വഴി തിരിച്ചുവിട്ട കൂടിക്കാഴ്ച. തെന്നിന്ത്യന്‍ സിനിമാലോകത്തെ തിരക്കേറിയ ഓര്‍ക്കസ്ട്ര കണ്ടക്റ്ററും പശ്ചാത്തല സംഗീത വിദഗ്‌ദ്ധനുമാണ് അക്കാലത്ത് രാജാമണി. കീരവാണിയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ രാജാമണി അദ്ദേഹത്തെ തന്റെ സഹായി ആയി സ്വീകരിക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട സംഗീത സൗഹൃദത്തിന്റെ തുടക്കം. "സംഗീത സംവിധാനത്തിന്റെയും വാദ്യവിന്യാസത്തിന്റെയും സാങ്കേതികവിദ്യയുടെ ഔചിത്യമാർന്ന ഉപയോഗത്തിന്റെയും സാദ്ധ്യതകൾ ഞാൻ പഠിച്ചെടുത്തത് രാജാമണി സാറിൽ നിന്നാണ്.''
എം ജി രാധാകൃഷ്ണന്‍, കണ്ണൂര്‍ രാജന്‍, കോട്ടയം ജോയ് തുടങ്ങി പലരുടെയും ഗാനസൃഷ്ടിയില്‍ പങ്കാളിയായി ഇക്കാലത്ത്. അതിനിടെ സംഗീത സംവിധായകന്‍ ചക്രവര്‍ത്തിക്കൊപ്പം കുറച്ച് കാലം. സിനിമയില്‍ സ്വതന്ത്ര സംഗീത സംവിധായകന്‍ എന്ന നിലയില്‍ തിരക്കേറിയ ശേഷവും ഓര്‍ക്കസ്ട്ര കണ്ടക്റ്ററുടെ റോള്‍ പൂര്‍ണമായി ഉപേക്ഷിച്ചില്ല കീരവാണി എന്നൊരു കൗതുകം കൂടിയുണ്ട്. ഗുരുവായ രാജാമണിയുടെ പകരക്കാരനായി തന്റെ ഗാനങ്ങള്‍ പലതും കണ്ടക്റ്റ് ചെയ്യാനെത്തിയ കീരവാണിയുടെ ചിത്രം ഇപ്പോഴുമുണ്ട് സംഗീത സംവിധായകന്‍ വിദ്യാധരന്റെ ഓര്‍മയില്‍. "ഉത്തര"ത്തിലെ മഞ്ഞിന്‍ വിലോലമാം, പുറത്തിറങ്ങാതെ പോയ "യാത്രാമൊഴി" എന്ന സിനിമയിലെ "കൃഷ്ണതുളസിയും മുല്ലയും'' തുടങ്ങിയ വിദ്യാധരഗാനങ്ങള്‍ക്ക് ഓര്‍ക്കസ്ട്ര നിയന്ത്രിച്ചത് കീരവാണി ആയിരുന്നു.
തന്റെ തലമുറയിലെ എല്ലാ സംഗീതാസ്വാദകരേയും പോലെ ചെറുപ്പത്തില്‍ ബിനാക്കാ ഗീത് മാല എന്ന റേഡിയോ സംഗീത പരിപാടിയുടെ കടുത്ത ആരാധകനായിരുന്നു കീരവാണിയും. മദന്‍മോഹന്റെയും രോഷന്റെയും ഒ പി നയ്യാരുടെയും ഈണങ്ങളില്‍ മതി മറന്നിരുന്ന ഒരു കുട്ടി. സ്വപ്ന ജീവിയായ ആ കൊച്ചുകുട്ടി ഇന്നും കീരവാണിയുടെ ഉള്ളിലുണ്ട്. അന്ന് കേട്ട പാട്ടുകള്‍ ആദ്യശ്രവണമാത്രയിലെ അതേ അനുഭൂതിയോടെ നാവിന്‍ തുമ്പിലും. വെറുതെയല്ല ഹിന്ദിയില്‍ കീരവാണി സൃഷ്ടിച്ച ഈണങ്ങള്‍ നമ്മെ മെലഡിയുടെ വസന്തകാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നത്: ചലോ തുംകോ ലേകര്‍ ചലേ, ജാദു ഹേ നഷാ ഹേ (ജിസം), തും മിലേ ദില്‍ ഖിലെ (ക്രിമിനല്‍), ആഭിജാ (സുര്‍)...എല്ലാം ഗൃഹാതുരസ്പര്‍ശമുള്ള ശ്രവ്യാനുഭവങ്ങള്‍.
ആർ ആർ ആറിലെ പാട്ടുകളിൽ ഹൃദയത്തോട് ഏറ്റവും ചേർന്ന് നിന്നത് ``ജനനീ'' എന്ന പാട്ടാണെന്ന് പറയും കീരവാണി. പശ്ചാത്തലത്തിൽ ഒഴുകിയെത്തുന്ന ആ ഗാനത്തിലാണ് വൈകാരികാംശം കൂടുതൽ. വരികളാകട്ടെ ഹൃദയസ്പർശിയും. പക്ഷേ പടം പുറത്തിറങ്ങിയപ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ടത് നാട്ടു നാട്ടു എന്ന പാട്ടാണ്. സൂപ്പർ താരങ്ങളായ ജൂനിയർ എൻ ടി ആറും രാംചരണും ഒരുമിച്ചു ചുവടുവെക്കുന്നു എന്നതാവാം പ്രധാന കാരണം. "കണ്ണടച്ചിരുന്ന് ആസ്വദിക്കാവുന്ന പാട്ടല്ല അത്. കണ്ണും കാതും ഒരുപോലെ തുറന്നുവെച്ചു ആസ്വദിക്കേണ്ട പാട്ട്. എങ്കിലും പടത്തിലെ മറ്റ് മെലഡികളെപ്പോലെ ആ പാട്ടും ഇന്നെനിക്ക് തികച്ചും വൈകാരികമായ അനുഭവം. സാധാരണക്കാർ ആ പാട്ടിനെക്കുറിച്ചു നല്ല വാക്കുകൾ പറഞ്ഞുകേൾക്കുമ്പോൾ എങ്ങനെ വികാരാധീനനാകാതിരിക്കും?''-- ആർ ആർ ആറിലെ പാട്ടുകൾ പുറത്തിറങ്ങി സൂപ്പർ ഹിറ്റായ നാളുകളിൽ സംസാരിച്ചപ്പോൾ കീരവാണി പറഞ്ഞ വാക്കുകൾ ഓർമ്മവരുന്നു.
രണ്ടര വർഷമെടുത്ത് സൃഷ്ടിച്ച പാട്ടാണ് "നാട്ടു നാട്ടു". കഥാ ചർച്ചയുടെ ഓരോ ഘട്ടത്തിലും ഈണങ്ങൾ മാറിമാറി വന്നു. ചിത്രീകരണത്തിന് ശേഷം പോലും ഈണം അഴിച്ചു പണിയേണ്ടി വന്നിട്ടുണ്ടെന്ന് പറയും കീരവാണി. സംവിധായകൻ രാജമൗലി ഓക്കേ പറഞ്ഞിട്ടുപോലും ആത്മസംതൃപ്തിക്ക് വേണ്ടിയുള്ള യജ്ഞം തുടർന്നുകൊണ്ടേയിരുന്നു അദ്ദേഹം.
"വഴിക്കുവഴിയായി ഈണങ്ങൾ മാറ്റി കംപോസ് ചെയ്യുന്നത് വെല്ലുവിളിയായി തോന്നിയിട്ടില്ല ഒരിക്കലും. അക്കാര്യത്തിൽ എന്റെ പിതാവാണ് എന്റെ മാർഗ്ഗദർശി. കുട്ടിക്കാലത്ത് ഒരേ പാട്ടിന് വേണ്ടി നിരവധി വ്യത്യസ്തമായ ഈണങ്ങൾ എന്നെക്കൊണ്ട് കംപോസ് ചെയ്യിക്കുമായിരുന്നു അദ്ദേഹം. പിന്നെപ്പിന്നെ അതൊരു ലഹരിയായി. ഞാനുമത് ആസ്വദിക്കാൻ തുടങ്ങി.''
വെറുമൊരു നൃത്തരംഗത്തിന് വേണ്ടിയായിരുന്നെങ്കിൽ ഇതിലും അനായാസം പാട്ടൊരുക്കാമായിരുന്നു എന്ന് കീരവാണി. പക്ഷേ ആർ ആർ ആറിലെ നൃത്ത രംഗം യഥാർത്ഥത്തിൽ ഒരു ആക്‌ഷൻ സീക്വൻസ് ആണ്. വീറും വാശിയും ദേശസ്നേഹവും പ്രതികാരവാഞ്ഛയുമൊക്കെ പ്രതിഫലിക്കണം പാട്ടിൽ. സിരകളെ ഉത്തേജിപ്പിക്കുന്ന പാട്ട്. "നാട്ടു നാട്ടു'' വിന് കീരവാണി നൽകിയ ഈണത്തിലും ചന്ദ്രബോസ് എഴുതിയ വരികളിലും കാലഭൈരവ, രാഹുൽ സിപ്ലിഗുന്ജ് എന്നിവരുടെ ആലാപനത്തിലും അവയെല്ലാം ഉണ്ടായിരുന്നു. "ചില പാട്ടുകൾ അങ്ങനെയാണ്. നമ്മൾ പോലും നിനച്ചിരിക്കാതെ അവയിൽ നാമാഗ്രഹിക്കുന്നതെല്ലാം വന്നു ചേരുന്നു.''
ഈണമിടുമ്പോള്‍ കീരവാണിയുടെ പ്രിയപ്പെട്ട ഹാര്‍മോണിയത്തിന് മുകളില്‍ രണ്ടു ചിത്രങ്ങള്‍ സ്ഥിരമായി ഉണ്ടാകും- മൂകാംബികയുടെയും വേളാങ്കണ്ണി മാതാവിന്റെയും. മറ്റൊരു ശീലം കൂടിയുണ്ട്. സൗന്ദര്യലഹരിയിലെ ഒരു ശ്ലോകം മൈക്കിലൂടെ ചൊല്ലിക്കൊണ്ടാണ് ദിവസവും റെക്കോര്‍ഡിംഗ് തുടങ്ങുക. അവസാനിപ്പിക്കുന്നതും അങ്ങനെ തന്നെ.
സൗന്ദര്യലഹരിയുടെ കര്‍ത്താവായ ശങ്കരാചാര്യരുടെ ജന്മസ്ഥലം എന്ന പേരില്‍ കേരളത്തോടുള്ള തന്റെ ആത്മബന്ധത്തിന് ദശാബ്ദങ്ങള്‍ പഴക്കമുണ്ടെന്ന് പറയും കീരവാണി.
ആരാണ് യഥാര്‍ത്ഥ കീരവാണി-- പാട്ടുകാരനോ , സംഗീത സംവിധായകനോ അതോ സന്യാസിയോ? -- "മൂന്നിന്റെയും അംശമുണ്ട് എന്നില്‍. ഒരു ത്രിമാന വ്യക്തിത്വം എന്ന് കൂട്ടിക്കോളൂ."-- പുഞ്ചിരിയോടെ കീരവാണിയുടെ മറുപടി. "ശങ്കരാചാര്യര്‍ കഴിഞ്ഞാല്‍ സ്വാമി ശിവാനന്ദയുടെയും ഓഷോ രാജനീഷിന്റെയും തത്വങ്ങള്‍ ആണ് എന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളത്. ജീവിതത്തിനു ലക്ഷ്യം അനിവാര്യമാനെന്നാണ് ശിവാനന്ദ സ്വാമിയുടെ വീക്ഷണം. നല്ലതായാലും ചീത്തയായാലും ആ ലക്ഷ്യത്തിലേക്കുള്ള പ്രയാണമാണ് ജീവിതം. പക്ഷെ ഓഷോയുടെത് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. ലക്ഷ്യത്തില്‍ വിശ്വസിക്കുന്നില്ല അദ്ദേഹം. മാര്‍ഗം മാത്രമേയുള്ളൂ ജീവിതത്തില്‍. ഓരോ നിമിഷവും ആഘോഷപൂര്‍വ്വം ജീവിച്ച് തീര്‍ക്കുക. ഈ രണ്ടു സമീപനങ്ങളും ഉള്‍ക്കൊള്ളാന്‍ ആകും എനിക്ക്. നന്മയും തിന്മയും ഉള്ളില്‍ സൂക്ഷിക്കുന്നവരല്ലേ നമ്മള്‍? സ്വാഭാവികമായും പരസ്പരവിരുദ്ധമായ ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ കഴിയണം നമുക്ക്..'' തത്വചിന്തകനെ പോലെ കീരവാണി സംസാരിച്ചു കൊണ്ടേയിരിക്കുന്നു.