ടോക്സിക്കി'ൽ യഷ്  
MOVIES

'ധുരന്ധർ 2' തന്നെ മുന്നിൽ! 'ടോക്സിക്' ആദ്യ ദിനം 100 കോടി ക്ലബിൽ

കന്നഡ സിനിമാ ചരിത്രത്തിൽ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കളക്ഷൻ എന്ന നേട്ടവും 'ടോക്സിക്' സ്വന്തമാക്കി

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ഗംഭീര കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ ദിനം തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചു. അഡ്വാൻസ് ബുക്കിങ്ങിലൂടെ തന്നെ 73.43 കോടി രൂപ സിനിമ സ്വന്തമാക്കിയിരുന്നു.

2026ൽ ഇന്ത്യയിൽ ഏറ്റവും മികച്ച ആഭ്യന്തര ഓപ്പണിങ് നേടുന്ന രണ്ടാമത്തെ ചിത്രമാണ് 'ടോക്സിക്'. ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം, ആദ്യ ദിനം 24,579 ഷോകളിൽ നിന്നായി 101.10 കോടി രൂപയാണ് സിനിമയുടെ നെറ്റ് കളക്ഷൻ. ഇന്ത്യയിലെ ഗ്രോസ് കളക്ഷൻ 120.75 കോടിയും. 103 കോടി രൂപയുടെ നെറ്റ് ഓപ്പണിങ് കളക്ഷൻ നേടിയ 'ധുരന്ധർ 2' ആണ് ഒന്നാം സ്ഥാനത്തുള്ളത്.

കന്നഡ സിനിമാ ചരിത്രത്തിൽ ആഗോളതലത്തിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഓപ്പണിങ് കളക്ഷൻ എന്ന നേട്ടവും യഷ് ചിത്രം സ്വന്തമാക്കി. സിനിമയുടെ ആഗോള ഗ്രോസ് 140,75 കോടി രൂപയാണ്. റിലീസ് ദിനം ലോകമെമ്പാടുമായി ഏകദേശം 164 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ ലഭിച്ച യഷിന്റെ 'കെ.ജി.എഫ്: ചാപ്റ്റർ 2' ആണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഷാരൂഖ് ഖാന്റെ പത്താൻ (104 കോടി), അനിമൽ (116 കോടി), ആദിപുരുഷ് (127 കോടി), ജവാൻ (129 കോടി) എന്നീ ചിത്രങ്ങളുടെ ആദ്യ ദിന ആഗോള ഗ്രോസ് കളക്ഷനും യഷ് - ഗീതു മോഹൻദാസ് ചിത്രം മറികടന്നു.

ടോക്സിക് ആദ്യ ദിന കളക്ഷൻ (ഭാഷ തിരിച്ച്)

ഹിന്ദി: ₹55.00 കോടി

കന്നഡ: ₹23.30 കോടി

തെലുങ്ക്: ₹16.00 കോടി

തമിഴ്: ₹5.50 കോടി

മലയാളം: ₹1.30 കോടി

1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് 'ടോക്സിക്കി'ന്റെ കഥാഭൂമിക. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളിലാണ് നടൻ എത്തുന്നത്. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം.

SCROLL FOR NEXT