കെജിഎഫ് എന്ന സിനിമയ്ക് ശേഷം പാന്‍ ഇന്ത്യന്‍ സ്റ്റാറായ യഷിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍ 'ടോക്‌സിക് ','രാമായണം' എന്നിവയാണ്. രാവണന്റെ കഥാപാത്രത്തെയാണ് യഷ് 'രാമായണത്തില്‍' അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ കെ ജി എഫ്‌ന്റെ ആരാധകര്‍ക്ക് ഒരുപാടു സന്തോഷം ഉണ്ടാകുന്ന ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഹോളിവുഡ് റിപോര്‍ട്ടറുമായി നടന്ന അഭിമുഖത്തിലാണ് യഷ് ഇക്കാര്യം സൂചിപ്പിച്ചത്. കെജിഎഫ് 3ക്ക് വേണ്ടി റോക്കി ഭായ് എന്ന കഥാപാത്രത്തിലേക്ക് മടങ്ങി വരുമെന്നും കെജിഎഫ് 3 ഉറപ്പായും സംഭവിക്കുമെന്നും അതിനു വേണ്ടിയുള്ള ചര്‍ച്ചകളിലാണ് താനും സംവിധായകന്‍ പ്രശാന്ത് നീലും എന്നും യഷ് പറഞ്ഞു.
അഭിമുഖത്തിനിടെ, കെജിഎഫ് 3 യെ പറ്റി ചോദിച്ചപ്പോഴാണ് യഷ് ഇക്കാര്യം പറഞ്ഞത്. 'കെജിഎഫ് 3 തീര്‍ച്ചയായും സംഭവിക്കും, ഞാന്‍ ഉറപ്പു തരുന്നു. എന്നാല്‍ ഞാന്‍ ഈ രണ്ട് പ്രോജക്ടുകളിലാണ് (ടോക്‌സിക്കും രാമായണവും) ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഞങ്ങള്‍ കെജിഎഫ് 3 യെ പറ്റി തന്നെയാണ് ചര്‍ച്ചചെയുന്നത്. ഞങ്ങള്‍ക്ക് ഒരു ആശയമുണ്ട്. ശരിയായ സമയമായാല്‍ എല്ലാവരെയും അറിയിക്കും. അത് വളരെ വലുതാണ്, അതിനാല്‍ അത് ശരിക്കും ഞങ്ങളുടെ മുഴുവന്‍ ശ്രദ്ധയും ആവശ്യമുള്ള ഒന്നാണ്' , എന്നാണ് യഷ് പറഞ്ഞത്.
'പണച്ചിലവിനു ഉപരി കെജിഎഫ് ആരാധകരെ അഭിമാനം കൊള്ളിക്കുന്ന രീതിയിലുള്ള ഒരു 3ാം ഭാഗത്തെ കുറിച്ചാണ് ഞങ്ങള്‍ ആലോചിക്കുന്നത്. പ്രേക്ഷകര്‍ക്ക് റോക്കി ഭായിയോടുള്ള ഇഷ്ടം എനിക്കു നന്നായി അറിയാം. ഞാനും പ്രശാന്തും തമ്മിലുള്ള ചര്‍ച്ച തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ്. ഇത്തവണ ഞങ്ങള്‍ ഗംഭീരമായ എന്തെങ്കിലും കൊണ്ടുവരും', എന്നും യഷ് കൂട്ടിച്ചേര്‍ത്തു.