കൊച്ചി: പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന, റോക്കിങ് സ്റ്റാർ യഷ് നായകനാകുന്ന ആക്ഷൻ എന്റർടെയ്നറായ 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' റിലീസിന് മുന്നോടിയായി മറ്റൊരു ശ്രദ്ധേയ നേട്ടം കൂടി സ്വന്തമാക്കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ കാത്തിരിപ്പും ആവേശവും പ്രതിഫലിപ്പിച്ചുകൊണ്ട് ചിത്രം ഐഎംഡിബിയുടെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസ് ലിസ്റ്റിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
വിജയ് ചിത്രം 'ജന നായകൻ' ആണ് രണ്ടാം സ്ഥാനത്തുള്ള ചിത്രം. അവാരാപ്പൻ 2, ഇന്ദ്രജാൽ, ഡിസി, ആദർശ് ബാൽ വിദ്യാലയ, ഈഥ, വിശ്വനാഥ് ആൻഡ് സൺസ്, ദ പാരഡൈസ്, മിർസാപൂർ: ദ മൂവി എന്നിവയാണ് യാഥാക്രമം ആദ്യ പത്തിലുള്ള ചിത്രങ്ങൾ.
പ്രഖ്യാപനം മുതൽ തന്നെ വിവിധ ഭാഷകളിലെ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയമായ ചിത്രമാണിത്. 'കെജിഎഫി'ന്റെ വൻ വിജയത്തിന് ശേഷം യഷ് വീണ്ടും നായകനായി എത്തുന്ന ചിത്രം എന്ന നിലയിലും 'ടോക്സിക്' സമീപകാലത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സിനിമകളിലൊന്നായി മാറിയിരിക്കുകയാണ്.
പ്രശസ്ത സംവിധായിക ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്', ത്രസിപ്പിക്കുന്ന ആക്ഷനും ശക്തമായ കഥയും ദൃശ്യവിസ്മയവും ഒത്തുചേരുന്ന വ്യത്യസ്തമായൊരു സിനിമാനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. ഐഎംഡിബിയിലെ ഈ നേട്ടം ചിത്രത്തിന്റെ ആഗോള സ്വീകാര്യതയും റിലീസിനായുള്ള പ്രതീക്ഷയും കൂടുതൽ ശക്തമാക്കുന്നു. ചിത്രത്തിലെ കൂടുതൽ വിശേഷങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകർക്കിടയിൽ 'ടോക്സിക്' ഇതിനോടകം തന്നെ വർഷത്തിലെ ഏറ്റവും വലിയ റിലീസുകളിലൊന്നായി ശ്രദ്ധ നേടിക്കഴിഞ്ഞു.
കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്ന് നിർമിക്കുന്ന 'ടോക്സിക്' 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും.