സിലമ്പരസന് ഒപ്പം യോഗലക്ഷ്മി Source: Instagram / iamyogalakshmi
MOVIES

"അരസനിൽ ചിമ്പുവിന്റെ നായികയുടെ റോളാണെന്ന് ആദ്യം അറിയില്ലായിരുന്നു"; നടി യോഗലക്ഷ്മി

ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരനൊപ്പം സിലമ്പരസൻ ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'അരസൻ'

Author : ന്യൂസ് ഡെസ്ക്

'അരസൻ' സിനിമയിൽ സിലമ്പരസന്റെ നായികയായിട്ടാണ് അഭിനയിക്കാൻ പൊകുന്നതെന്ന് തനിക്ക് ആദ്യം അറിയില്ലായിരുന്നുവെന്ന് നടി യോഗലക്ഷ്മി. രണ്ടാം ഘട്ട ചർച്ചയിലാണ് സംവിധായകൻ വെട്രിമാരൻ ഇക്കാര്യം അറിയിച്ചതെന്ന് നടി. ദേശീയ പുരസ്‍കാര ജേതാവായ വെട്രിമാരനൊപ്പം സിലമ്പരസൻ ഒന്നിക്കുന്ന ആദ്യ ചിത്രമാണ് 'അരസൻ'. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

യോഗലക്ഷ്മിയുടെ വാക്കുകൾ: ചിമ്പുവിന്റെ നായികയായിട്ടാണ് അഭിനയിക്കാൻ പോകുന്നതെന്ന് അറിയില്ലായിരുന്നു. ഒരു ദിവസം വെട്രിമാരൻ സർ എന്നെ വിളിച്ച്, 'എനിക്ക് നേരിട്ട് കണ്ട് സംസാരിക്കണം', എന്ന് പറഞ്ഞു. അങ്ങനെ ഞങ്ങൾ കണ്ടുമുട്ടുകയും സിനിമയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. രണ്ടാമത്തെ മീറ്റിങ് സമയത്ത് എനിക്ക് മറ്റൊരു സിനിമയിൽ നിന്നും ഓഫർ വന്നിട്ടുണ്ടായിരുന്നു. 'സർ, എനിക്ക് മറ്റൊരു സിനിമയിൽ അവസരം ലഭിച്ചിട്ടുണ്ട്. സാറിന് കുഴപ്പമില്ലെങ്കിൽ ഞാൻ രണ്ട് സിനിമകളും ചെയ്യാം, അല്ലെങ്കില്‍ സാറിന്റെ ഇഷ്ടം പോലെ', ഞാൻ വെട്രിമാരൻ സാറിനോട് പറഞ്ഞു. 'നീ ഈ സിനിമ ചെയ്തോളൂ' എന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്.

'എന്റെ സിനിമയിൽ അനിരുദ്ധിന്റെ സംഗീതത്തിൽ ചിമ്പു സാറിന്റെ പെയറായിട്ടാണ് നീ അഭിനയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴാണ് ഞാൻ അത് അറിയുന്നത്.

വി ക്രിയേഷൻസിന്റെ ബാനറി കലൈപ്പുലി എസ്. താണുവാണ് 'അരസൻ' നിർമിക്കുന്നത്. 'അസുരൻ" എന്ന ചിത്രത്തിന് ശേഷം വെട്രിമാരൻ - കലൈപ്പുലി എസ്. താണു ടീം ഒന്നിക്കുന്ന ചിത്രമാണിത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറിലാണ് ആരംഭിച്ചത്. എന്നാൽ, 15 ദിവസത്തിന് ശേഷം ചിത്രീകരണം അപ്രതീക്ഷിതമായി നിർത്തിവച്ചു. അടുത്തിടെയാണ് ഷൂട്ടിങ് പുനഃരാരംഭിച്ചത്.

അതേസമയം, അബിഷൻ ജീവിന്ത് സംവിധാനം ചെയ്ത 'ടൂറിസ്റ്റ് ഫാമിലി' എന്ന ചിത്രത്തിലൂടെയാണ് യോഗലക്ഷ്മി ശ്രദ്ധിക്കപ്പെടുന്നത്. 'ഹാർട്ട് ബീറ്റ്', 'സിങ്ക പെണ്ണേ' എന്നീ വെബ് സീരീസുകളിലാണ് നടി ഇതിന് മുൻപ് അഭിനയിച്ചിരുന്നത്. കന്നഡ സൂപ്പർ താരം ശിവ രാജ്കുമാറും അബിഷൻ ജീവിന്തും പ്രധാന വേഷങ്ങളിൽ എത്തുന്ന 'പിക്കാസോ' ആണ് നടിയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം. ജിയോ ഹോട്ട്സ്റ്റാറിന്റെ 'ദ കോർട്ട്' എന്ന സീരീസിലെ പ്രധാന വേഷവും യോഗലക്ഷ്മിയാണ് ചെയ്യുന്നത്.

SCROLL FOR NEXT