കേരളത്തിലെ പ്രമുഖ യുവ രാഷ്ട്രീയ നേതാവില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി റിനി ആന്‍ ജോര്‍ജ്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും മോശമായി ചിത്രീകരിക്കുകയല്ല തന്റെ ഉദ്ദേശമെന്നും റിനി ആന്‍ പറഞ്ഞു.
"എനിക്ക് കേരളത്തിലെ വളരെ പ്രമുഖനായ ഒരു യുവ നേതാവില്‍ നിന്ന് വളരെ മോശമായ അനുഭവം ഉണ്ടായിട്ടുണ്ട്. അതായത് അശ്ലീല സന്ദേശങ്ങള്‍ അയക്കുക. മോശമായ അപ്രോച്ചുകള്‍ ഉണ്ടാവുക. ഞാന്‍ ഒരു പാര്‍ട്ടിയെയും തേജോവധം ചെയ്യാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ഒരു പ്രവണതയുണ്ട് എന്നതാണ്. ഇതേ കുറിച്ച് പല ഫോറങ്ങളിലും പരാതികളായി ചെല്ലുമ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ടി നില്‍ക്കുന്നു എന്ന് പറയുന്നവര്‍ പോലും സ്ത്രീകളുടെ കാര്യത്തില്‍ who cares? എന്ന ആറ്റിറ്റിയൂഡാണ് എടുക്കുന്നത്", എന്നാണ് റിനി പറഞ്ഞത്.
വെളിപ്പെടുത്തലിന് പിന്നാലെ നടിയുടെ അഭിമുഖം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുകയാണ്. അതേസമയം ഗിന്നസ് പക്രു നായകനായി എത്തിയ 916 കുഞ്ഞൂട്ടന്‍ എന്ന ചിത്രത്തിലാണ് റിനി ആന്‍ ജോര്‍ജ് അഭിനയിച്ചത്. ആര്യന്‍ വിജയ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. മെയ് 23ന് തിയേറ്ററിലെത്തിയ ചിത്രം നിലവില്‍ ആമസോണ്‍ പ്രൈമില്‍ ലഭ്യമാണ്. മാധ്യമ പ്രവര്‍ത്തകയായി പ്രവര്‍ത്തിച്ച റിനി ആന്‍ ജോര്‍ജിന്റെ അഭിനയ രംഗത്തേക്കുള്ള അരങ്ങേറ്റ ചിത്രമാണ് 916 കുഞ്ഞൂട്ടന്‍.