MOVIES

ഭവതാരിണിയുടെ ശബ്ദത്തിന് എഐയിലൂടെ പുനര്‍ജന്മം; വികാരാധീനനായി യുവന്‍ ശങ്കര്‍ രാജ

വിജയ് നായകനാകുന്ന വെങ്കട് പ്രഭു ചിത്രം 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി'ലൂടെയാണ് ഭവതാരിണിയുടെ ശബ്ദം വീണ്ടും ആരാധകരിലേക്ക് എത്തുന്നത്

Author : ന്യൂസ് ഡെസ്ക്

ജീവിതത്തിലേക്ക് മടങ്ങി വരുമെന്ന് കുടുംബാംഗങ്ങളും ആരാധകരും ഒരുപോലെ വിശ്വസിച്ചിരുന്ന വേളയിലാണ് സംഗീത സംവിധായകന്‍ ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി സംഗീത ലോകത്തോട് വിടപറയുന്നത്. കാന്‍സര്‍ രോഗബാധിതയായി ചികിത്സയില്‍ കഴിയവെ ശ്രീലങ്കയില്‍ വെച്ചായിരുന്നു അന്ത്യം. അകാലത്തില്‍ വിടപറഞ്ഞ ഭവതാരിണിയുടെ ശബ്ദത്തിന് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിലൂടെ പുനര്‍ജന്മം നല്‍കിയിരിക്കുകയാണ് സഹോദരനും സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജ.

വിജയ് നായകനാകുന്ന വെങ്കട് പ്രഭു ചിത്രം 'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈമി'ലൂടെയാണ് ഭവതാരിണിയുടെ ശബ്ദം വീണ്ടും ആരാധകരിലേക്ക് എത്തുന്നത്. കബിലന്‍ വൈരമുത്തു എഴുതിയ 'ചിന്ന ചിന്ന കണ്‍കള്‍' എന്ന് തുടങ്ങുന്ന ഗാനം നടന്‍ വിജയ്ക്കൊപ്പം ഭവതാരിണി ആലപിക്കും വിധമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഗാനം പുറത്തുവിട്ടതിനൊപ്പം വികാരനിര്‍ഭരമായ ഒരു കുറിപ്പും യുവന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു.

"ഗോട്ടിലെ രണ്ടാമത്തെ ​ഗാനം എനിക്ക് വളരെയധികം സ്പെഷ്യലാണ്. എന്റെ വികാരം വാക്കുകൾ കൊണ്ട് വിവരിക്കാനാകില്ല. ഈ ​ഗാനം കംപോസ് ചെയ്യുമ്പോൾ ഇത് എന്റെ സഹോദരിക്ക് വേണ്ടിയാണെന്ന് മനസ്സിൽ തോന്നിയിരുന്നു. ഭവതാരിണി സുഖം പ്രാപിക്കുമ്പോൾ അവളെ കൊണ്ട് റെക്കോഡ് ചെയ്യിക്കാമെന്ന് കരുതി. പക്ഷേ ഒരുമണിക്കൂറിന് ശേഷം അവൾ ഈ ലോകത്ത് ഇല്ലെന്ന വാർത്തയാണ് കേട്ടത്. അവളുടെ ശബ്ദം ഇങ്ങനെ ഉപയോ​ഗിക്കേണ്ടി വരുമെന്ന് ഒരിക്കലും കരുതിയില്ല, ​ഗാനം സാധ്യമാക്കിയ സഹപ്രവർത്തകർക്ക് നന്ദി. ഇത് എനിക്ക് വളരെ കയ്പേറിയ നിമിഷമാണ്"-യുവന്‍ കുറിച്ചു.

മലയാള ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ 'തിത്തിത്തെയ് താളം' എന്ന ഗാനം ആലപിച്ചുകൊണ്ടാണ് ഭവതാരിണി പിന്നണി ഗാനരംഗത്തേക്ക് ചുവടെടുത്തു വെക്കുന്നത്. തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി ഭാഷകളിലും ഒരു പിടി മികച്ച ഗാനങ്ങള്‍ ഭവതാരിണി സമ്മാനിച്ചിട്ടുണ്ട്. ഭാരതി എന്ന ചിത്രത്തിലെ 'മയില്‍ പോലെ പൊണ്ണ് ഒന്ന്' എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചു.

SCROLL FOR NEXT