MOVIES

'ഇത്തവണ ഹൈസ്‌കൂള്‍ ആയിരിക്കില്ല'; യൂഫോറിയ 3യെ കുറിച്ച് സെന്‍ഡയ

സീരീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ സെന്‍ഡയ യൂഫോറിയ 3യെ കുറിച്ച് കൂടുതല്‍ ഒന്നും തന്നെ പറഞ്ഞില്ല

Author : ന്യൂസ് ഡെസ്ക്


എച്ച്ബിഓ സീരീസായ യൂഫോറിയ സീസണ്‍ 3യെ കുറിച്ച് തുറന്ന് സംസാരിച്ച് ഹോളിവുഡ് താരം സെന്‍ഡയ. രണ്ടാം സീസണില്‍ നിന്ന് മൂന്നാം സീസണിലേക്ക് എത്തുമ്പോള്‍ ഒരു time-jump ഉണ്ടായിരിക്കുമെന്ന് സെന്‍ഡയ പറഞ്ഞതായി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സീരീസില്‍ റൂ എന്ന കഥാപാത്രത്തെയാണ് സെന്‍ഡയ അവതരിപ്പിക്കുന്നത്. 'time-jump വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇനിയും ഹൈസ്‌കൂള്‍ കാലഘട്ടം കാണിക്കാനാവില്ല', എന്നാണ് സെന്‍ഡയ പറഞ്ഞത്.

സീരീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൂടിയായ സെന്‍ഡയ യൂഫോറിയ 3യെ കുറിച്ച് കൂടുതല്‍ ഒന്നും തന്നെ പറഞ്ഞില്ല. 'എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്നതിനെ കുറിച്ച് എനിക്ക് കൂടുതല്‍ അറിയില്ല. സീസണ്‍ 3 എങ്ങനെയായിരിക്കുമെന്നും എനിക്ക് അറിയില്ല. പക്ഷെ സീസണ്‍ 3ല്‍ ഒരു time-jump നടക്കുമെന്ന് മാത്രം എനിക്ക് അറിയാം', സെന്‍ഡയ പറഞ്ഞു.

'ഹൈസ്‌കൂളിന് പുറത്ത് ഈ കഥാപാത്രങ്ങളെ കാണുന്നത് രസകരമായിരിക്കും. ചെറുപ്പത്തില്‍ അവര്‍ അഭിമുഖീകരിച്ച പ്രശ്‌നങ്ങള്‍ വലുതാകുമ്പോള്‍ അവര്‍ എങ്ങനെ നേരിടും എന്നാണ് കാണിക്കാന്‍ പോകുന്നത്. അത് എന്തായാലും രസകരമായ കാര്യമായിരിക്കും', എന്നും സെന്‍ഡയ കൂട്ടിച്ചേര്‍ത്തു.

അതേസമയം യൂഫോറിയ സീസണ്‍ 3 2025 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. ആദ്യ ഭാഗങ്ങളില്‍ ഉണ്ടായിരുന്ന പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെല്ലാം തന്നെ സീസണ്‍ 3യിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സീസണ്‍ 2ന്റെ പ്രീമിയര്‍ കഴിഞ്ഞ് മൂന്ന് വര്‍ഷം പിന്നിടുമ്പോഴാണ് സീസണ്‍ 3യുടെ ചിത്രീകരണം ആരംഭിക്കുന്നത്. 2024 മാര്‍ച്ചിലായിരുന്നു സീരീസിന്റെ മൂന്നാം ഭാഗം ആദ്യം ചിത്രീകരിക്കാനിരുന്നത്. എന്നാല്‍ ചില അത് നീണ്ടുപോവുകയായിരുന്നു. 2023ലെ എഴുത്തുകാരുടെയും അഭിനേതാക്കളുടെയും സമരം അതിനൊരു കാരണമായിരുന്നു.

സാം ലെവിന്‍സണ്‍ ആണ് സൈക്കോളജിക്കല്‍-ടീന്‍ ഡ്രാമ സീരീസായ യൂഫോറിയയുടെ സംവിധായകന്‍. ഹോളിവുഡ് താരങ്ങളായ സെന്‍ഡയ, സിഡ്നി സ്വീനി, ജേക്കബ് എലോര്‍ഡി, ഹണ്ടര്‍ സകാഫര്‍, സ്റ്റോം റെയ്ഡ്, അലെക്സാ ഡെമി, എറിക് ഡെയിന്‍ എന്നിവരാണ് സീരീസിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ജൂലൈ 2023ല്‍ ഫെസ്‌കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്‍ഗസ് ക്ലൗഡ് അന്തരിച്ചിരുന്നു.

SCROLL FOR NEXT