കൊച്ചി: നടന്‍ ജി. കൃഷ്ണ കുമാറിന്റയും പങ്കാളി സിന്ധു കൃഷ്ണയുടെയും പ്രണയവിവാഹമായിരുന്നു. വളരെ രസകരമായ ഒരു കഥയും ഇവരുടെ വിവാഹത്തെ സംബന്ധിച്ചിട്ടുണ്ട്. പഴയ ഒരു അഭിമുഖത്തില്‍ അഹാന കൃഷ്ണയോട് നടന്‍ മുകേഷ് ഈ 'കല്യാണക്കഥ' വിവരിക്കുന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോയില്‍, കൃഷ്ണ കുമാർ-സിന്ധു പ്രണയത്തില്‍ മമ്മൂട്ടിയുടെ ഇടപെടലിനെപ്പറ്റിയാണ് മുകേഷ് സംസാരിക്കുന്നത്. മമ്മൂട്ടി കൃഷ്ണകുമാറിന് ഉപദേശം നല്‍കിയെന്നും തൊട്ടടുത്ത ദിവസം വിവാഹം രജിസ്റ്റർ ചെയ്തെന്നുമാണ് 'മുകേഷ് കഥ'.
"കൃഷ്ണ കുമാർ ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നു…കല്യാണം കഴിക്കണമെന്ന് രണ്ടു പേർക്കും ആഗ്രഹമുണ്ട്. ഭയങ്കര പ്രേമമാണ്. എന്നാൽ പെണ്ണിന്റെ വീട്ടുകാർക്ക് അത്ര താല്‍പ്പര്യമില്ല. അപ്പോൾ എന്ത് ചെയ്യണമെന്ന് ആലോചിച്ചിട്ട് മമ്മൂക്കയോട് ഉപദേശം ചോദിച്ചു. എന്തായാലും നീ സ്വീകരിക്കുമോ എന്ന് അദ്ദേഹം കൃഷ്ണകുമാറിനോട് ചോദിച്ചു. തീർച്ചയായുമെന്ന് കൃഷ്ണകുമാർ. ഇഷ്ടമുള്ള പെൺകുട്ടിയെ തന്നെ കല്യാണം കഴിച്ചോളൂ. അതിൽ ഒരു തെറ്റുമില്ല. പക്ഷേ ആ പെൺകുട്ടിയെ പോറ്റാനുള്ള ആത്മവിശ്വാസം നിനക്ക് ഉണ്ടോ? എന്ന് മമ്മൂക്ക. അപ്പോൾ കൃഷ്ണകുമാർ ഒന്ന് ഞെട്ടി. എന്നിട്ട് മമ്മൂക്കയുടെ കൈ പിടിച്ച് ഞാൻ വെയിറ്റ് ചെയ്യാം സ്വന്തം കാലിൽ നിന്ന് അവളെ കല്യാണം കഴിക്കുന്ന കാര്യം നോക്കാം. ഇവിടെ വന്നത് വലിയ നിമിത്തമായി എന്ന് പറഞ്ഞു'.
"പിന്നീട് ഒരു ഫോൺ കാൾ, അപ്പ ഹാജിയാണ്. എന്നിട്ട് സീരിയസ് ആയിട്ടൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. എന്താ കാര്യം എന്ന് ഞാന്‍ ചോദിച്ചു. കൃഷ്ണകുമാറും അവൻ സ്നേഹിക്കുന്ന പെൺകുട്ടിയും ഇന്ന് രാവിലെ വിവാഹം ചെയ്യാൻ തീരുമാനിച്ചു എന്നായിരുന്നു അപ്പയുടെ മറുപടി. എന്താ പെട്ടെന്ന് അങ്ങനെയൊരു തീരുമാനം എന്ന് ഞാൻ ചോദിച്ചു. ഇന്നലെ മമ്മൂക്കയുടെ കൗൺസിലിങ്ങും എല്ലാം കഴിഞ്ഞ പോകുന്ന വഴി നടന്ന കാര്യങ്ങൾ സിന്ധുവിനോട് പറഞ്ഞപ്പോൾ സിന്ധു ഭയപ്പെട്ടു. നാളെ കെട്ടണമെന്നായി സിന്ധു. അതുകൊണ്ട് ഞങ്ങൾ രജിസ്റ്റർ ഓഫീസിലേക്ക് പോവുകയാണ്. നിങ്ങള്‍ ഇത്രയും ഇന്‍വോള്‍വ് അയതല്ലേ. അതുകൊണ്ട് അതൊന്ന് അറിയിക്കാൻ വിളിച്ചതാണെന്ന് അപ്പ," മുകേഷ് പറഞ്ഞു.