'അംശം' മ്യൂസിക് വീഡിയോ 
MUSIC

പ്രചോദനം 'ഞാൻ ഗന്ധർവൻ'; മന്മഥന്റെ കഥയുമായി അക്‌സോമേനിയാക്കിന്റെ പുതിയ ട്രാക്ക്, ‘അംശം’ പുറത്ത്

ഭൂമി, M.H.R, സർക്കിൾ ടോൺ എന്നിവരുമായി ചേർന്നാണ് അക്‌സോമേനിയാക് ഈ ട്രാക്ക് ഒരുക്കിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

അക്‌സോമേനിയാക്കിന്റെ പുതിയ സിനിമാറ്റിക് സിംഗിൾ ‘അംശം’ പുറത്തിറങ്ങി. ഭൂമി, M.H.R, സർക്കിൾ ടോൺ എന്നിവരുമായി ചേർന്നാണ് അക്‌സോമേനിയാക് ഈ ട്രാക്ക് ഒരുക്കിയിരിക്കുന്നത്. പതിവ് ശൈലിയിൽ നിന്ന് വഴിമാറുന്ന സംഗീതവും മനോഹരമായ വിഷ്വലുകളുമാണ് ഈ മ്യൂസിക് വീഡിയോയുടെ പ്രത്യേകത.

ആർ&ബി സംഗീതത്തിന്റെ വൈകാരികതയും, ഹിപ്-ഹോപ്പിന്റെ ഘടനയും, ക്ലാസിക്കൽ മെലഡിയുടെ മനോഹാരിതയും ഒത്തുചേരുന്ന ഈ ഗാനം വ്യത്യസ്തരായ കലാകാരന്മാരുടെ ക്രിയേറ്റിവിറ്റിയുടെ മനോഹരമായ ഒത്തുചേരലാണ്. മരണമില്ലാത്ത അവസ്ഥയ്‌ക്കും, പ്രണയവും ഓർമകളും മരണവുമെല്ലാം അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹത്തിനും ഇടയിൽ പെട്ടുപോകുന്ന ഒരു ഗന്ധർവന്റെ മാനസിക സംഘർഷമാണ് ഈ ഗാനം പകർത്തിയിരിക്കുന്നത്.

"മന്മഥൻ എന്ന കഥാപാത്രത്തിൻ്റെ വൈരുദ്ധ്യമാണ് എന്നെ ആകർഷിച്ചത്. മറ്റുള്ളവരിൽ പ്രണയം ഉണർത്താൻ കഴിയുന്ന ഒരാൾക്ക് അത് പൂർണമായി അനുഭവിക്കാൻ കഴിയില്ല എന്ന വേദനിപ്പിക്കുന്ന വൈരുധ്യം. 90കളുടെ തുടക്കത്തിൽ ഇറങ്ങിയ 'ഞാൻ ഗന്ധർവ്വൻ' എന്ന സിനിമയിലൂടെയാണ് ഈ ചിന്ത എന്റെ മനസ്സിൽ പതിഞ്ഞത്. പല നാടുകളിൽ മന്മഥൻ പല രൂപത്തിലാവാം, പക്ഷേ ഇതിന്റെയെല്ലാം ഉള്ളിൽ സ്വന്തം ഇഷ്ടപ്രകാരം പ്രണയിക്കാൻ കഴിയാത്ത ഒരാളുടെ വിങ്ങലുണ്ട്. പ്രണയം പല രൂപത്തിലുള്ള ഒരു ഭാഷയായി എല്ലാവർക്കും അംഗീകരിച്ചുകൂടേ? അവസാനമില്ലാത്ത വെറുമൊരു നിത്യതയേക്കാൾ ഓർമകളും വേദനയും മരണവും തിരഞ്ഞെടുക്കുന്ന ഒരു നിമിഷത്തെയാണ് ഞാൻ 'അംശം' എന്ന പാട്ടിലൂടെ കാണിക്കാൻ ശ്രമിച്ചത്. ഭൂമിയും M.H.R ഉം ആ വികാരം മനോഹരമായി പാട്ടിൽ ഭംഗിയായി കൊണ്ടുവന്നു. ഇതിലെ തത്തമ്മപ്പെണ്ണ് വെറുമൊരു കാമുകിയല്ല, മറിച്ച് ആദ്യമായി ഗന്ധർവ്വനെ തിരിച്ചറിഞ്ഞ ഒരാളാണ്. പ്രണയം മറ്റുള്ളവർക്ക് വേണ്ടി മാത്രം ഉണ്ടാക്കുന്ന ഒന്നല്ല, അത് തനിക്കും വേണമെന്ന് അവൻ തിരിച്ചറിയുകയാണ്. പ്രിയപ്പെട്ട മുഖങ്ങളും സ്പർശനങ്ങളും മാഞ്ഞുപോകുമ്പോഴും, അവൻ പ്രണയിക്കാൻ തന്നെ തീരുമാനിക്കുന്നു," എന്നാണ് ഗാനത്തെക്കുറിച്ച് അക്‌സോമേനിയാക് പറഞ്ഞത്.

"എന്നെ സംബന്ധിച്ച് ആ കഥാപാത്രമായി പൂർണമായും ജീവിക്കുക എന്നതായിരുന്നു പ്രധാനം. വരികളിലൂടെ മാത്രമല്ല, സംഗീതത്തിലൂടെയും കഥ പറയുക എന്നത് ഒരു കലാകാരി എന്ന നിലയിൽ എന്റെ ശൈലിയാണ്. അമാനുഷികമായ, എന്നാലും മനുഷ്യസഹജമായ, കുഞ്ഞുങ്ങളുടേത് പോലെയുള്ള ചാപല്യങ്ങളും ചെറിയ വാശികളും ഉള്ള ഒരു കഥാപാത്രമാകാൻ എനിക്ക് അവസരം ലഭിച്ചു. പാട്ടിന്റെ ഈണത്തിലും ആ ബഹളവും വാശിയുമൊക്കെ നിങ്ങൾക്ക് കേൾക്കാം; ഒടുവിൽ അതൊരു നിശബ്ദമായ മൂകതയിലേക്ക് വഴിമാറുന്നു. ഏതൊരു വ്യക്തിക്കും പല വശങ്ങളുണ്ടാകുമല്ലോ, ഈ കഥാപാത്രത്തിന്റെ വിവിധ ഭാവങ്ങൾ എന്നിലൂടെത്തന്നെ കണ്ടെത്താനായത് മനോഹരമായ അനുഭവമായിരുന്നു. വളരെ സ്വാഭാവികമായാണ് ഈ ഗാനം രൂപപ്പെട്ടത്. ഇങ്ങനെയൊരു ഗാനത്തിന്റെ ഭാഗം ആകണമെന്ന് തോന്നിയ കൃത്യസമയത്താണ് ഈ പാട്ട് എന്നെ തേടിയെത്തിയത്," എന്ന് ഭൂമിയും പറഞ്ഞു.

ഗാനത്തിനെ കുറിച്ച് M.H.R പറഞ്ഞതിങ്ങനെ:"‘അംശം’ എന്ന ഗാനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് ശരിക്കും മറക്കാനാവാത്ത അനുഭവമായിരുന്നു. വലിയൊരു കഥ പറയുന്ന ഇത്തരമൊരു ട്രാക്കിൽ ഞാൻ ആദ്യമായാണ് പ്രവർത്തിക്കുന്നത്. എന്റെ സംഗീത ശൈലിയെ (sonic identity) അക്‌സോ ഈ പാട്ടിന്റെ നിർമാണത്തിൽ മനോഹരമായി ഉൾപ്പെടുത്തി, അതുകൊണ്ട് തന്നെ ഈ ഒരു യാത്ര എനിക്ക് വളരെ പേഴ്സണലായി തോന്നി. എല്ലാവരും ഒത്തൊരുമിച്ചുള്ള ഒരു യാത്രയായിരുന്നു ഇത്; ഭൂമിയും അക്‌സോയും പാട്ടിന്റെ മൂഡ് സെറ്റ് ചെയ്തപ്പോൾ, എന്റേതായ രീതിയിൽ ആ കഥ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് കഴിഞ്ഞു. പ്രണയത്തിന്റെ തീവ്രതയെക്കുറിച്ചും അതിനുവേണ്ടി ഒരാൾക്ക് എത്രത്തോളം പോകാൻ കഴിയുമെന്നതിനെക്കുറിച്ചുമാണ് എന്റെ വരികൾ പറയുന്നത്. അടിസ്ഥാനപരമായി, ഈ പാട്ട് പ്രിയപ്പെട്ടവർക്ക് വേണ്ടിയുള്ള കാത്തിരിപ്പിനെക്കുറിച്ചും ആഗ്രഹത്തെക്കുറിച്ചുമാണ്."

കൊക്കകോള കമ്പനിയുടെ സംഗീത സംരംഭമായ RTR, ഡെഫ് ജാം റെക്കോർഡിങ്സ് ഇന്ത്യ എന്നിവയുമായി സഹകരിച്ചാണ് അക്‌സോമേനിയാക് ഈ ട്രാക്ക് അവതരിപ്പിച്ചിരിക്കുന്നത്. പുതുമയുള്ള പരീക്ഷണങ്ങളെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഈ കൂട്ടായ്മ വലിയൊരു വേദിയാണ് ഒരുക്കുന്നത്. ‘അംശം’ എന്ന ഗാനത്തിലൂടെ ഡെഫ് ജാം ഇന്ത്യയും RTR-ഉം ഇന്ത്യൻ സംഗീത രംഗത്ത് പുതിയൊരു മാതൃക സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. കലാപരമായ ഒത്തൊരുമയ്ക്കും കഥാപരമായ ആഴത്തിനും സംഗീതത്തിലെ പുതുമയ്ക്കും മുൻഗണന നൽകാനാണ് ഈ കൂട്ടായ്മ ശ്രമിക്കുന്നത്.

SCROLL FOR NEXT