രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ് കുമാർ ഒരുക്കുന്ന 'ജയിലർ 2'ലെ രണ്ടാം സിംഗിൾ പുറത്ത്. സൂപ്പർ സ്റ്റാർ രജനികാന്തിനെ ആഘോഷിക്കുന്ന 'വൺ സൺ, വൺ മൂൺ' എന്ന ട്രാക്ക് ചിട്ടപ്പെടുത്തിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. ജയിലർ ആദ്യ ഭാഗത്തിലെ 'ഹുക്കുമി'ൽ നിന്ന് വ്യത്യസ്തമായ ശൈലിയിലാണ് ഈ ഗാനം അനിരുദ്ധ് ഒരുക്കിയിരിക്കുന്നത്.
ഹൈസൻബർഗ്, സൂപ്പർ സുബ്ബു എന്നിവർ ചേർന്നാണ് ഗാനം രചിച്ചിരിക്കുന്നത്. അനിരുദ്ധും MS Krsnaയും ചേർന്നാണ് ആലാപനം.
നെൽസൺ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 15നാണ് ആഗോള തലത്തിൽ തിയേറ്ററുകളിൽ എത്തുന്നത്.2023ൽ റിലീസ് ചെയ്ത 'ജയിലറി'ന്റെ രണ്ടാം ഭാഗമാണ് ചിത്രം. 600 കോടിയിലേറെ ആഗോള ബോക്സ് ഓഫീസിൽ നിന്ന് കളക്ട് ചെയ്ത 'ജയിലറി'ന്റെ രണ്ടാം ഭാഗത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് രജനികാന്ത് ആരാധകർ.
രജനികാന്തിനൊപ്പം മോഹൻലാൽ, വിദ്യാ ബാലൻ, ശിവ രാജ്കുമാർ, മിഥുൻ ചക്രവർത്തി, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമൂട്, രമ്യ കൃഷ്ണൻ, യോഗി ബാബു, ജതിൻ ശർമ, ജാക്കി ഷ്റോഫ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അതിഥി വേഷത്തിൽ വിജയ് സേതുപതിയും ചിത്രത്തിലുണ്ടാകും. ഇവർക്ക് പുറമേ ചില സർപ്രൈസ് ക്യാമിയോകളും ചിത്രത്തിലുണ്ടെന്നാണ് സൂചന.
നേരത്തെ പുറത്തുവിട്ട സിനിമയുടെ പ്രൊമോ വീഡിയോയിൽ നിറഞ്ഞ് നിന്നത് മലയാളി താരങ്ങളാണ്. സുരാജിന് പുറമേ സുനിൽ സുഖദ, ഹക്കിം ഷാ, കോട്ടയം നസീർ, സുജിത് ശങ്കർ എന്നീ മലയാളി താരങ്ങളും ചിത്രത്തിലുണ്ട്.
അനിരുദ്ധ് രവിചന്ദര്‍ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിങ്: ആർ. നിർമൽ, ആർട്ട്: കിരൺ, ആക്ഷൻ: ചേതൻ ഡിസൂസ.