ബിടിഎസ് ബാൻഡ് Source: X / BTS_official
MUSIC

ലോകപര്യടനത്തിനിടെ ആരാധകർക്ക് ബിടിഎസിന്റെ ഗിഫ്റ്റ്! 'അരിരാങ്' ആൽബത്തിലെ ഗാനത്തിന്റെ ലൈവ് പെർഫോമൻസ് വീഡിയോ പുറത്തുവിട്ടു

ബിടിഎസിന്റെ അഞ്ചാം സ്റ്റുഡിയോ ആൽബമാണ് 'അരിരാങ്'

Author : ന്യൂസ് ഡെസ്ക്

'അരിരാങ്' വേൾഡ് ടൂറിന്റെ തിരക്കുകളിലാണ് ലോകപ്രശസ്ത കെ പോപ്പ് ബാൻഡായ ബിടിഎസ്. മൂന്ന് വർഷവും ഒൻപത് മാസവും നീണ്ട കാത്തിരിപ്പിനൊടുവിൽ ഈ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ബിടിഎസിന്റെ അഞ്ചാം സ്റ്റുഡിയോ ആൽബമാണ് 'അരിരാങ്'. ഇപ്പോഴിതാ, ഈ ആൽബത്തിലെ ജനപ്രിയ ഗാനങ്ങളിലൊന്നായ 'നോർമലി'ന്റെ ലൈവ് പെർഫോമൻസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ബിടിഎസ്.

ബിഗ് ഹിറ്റ് മ്യൂസിക് പുറത്തുവിട്ട ഈ ലൈവ് പെർഫോമൻസ് വീഡിയോ പരമ്പരാഗത കൊറിയൻ വാസ്തുവിദ്യാ കേന്ദ്രമായ 'സോൺഹ്യെവോണി'ലാണ് ചിത്രീകരിച്ചിരിക്കുന്നത്. വോക്കലിനാണ് ഈ പ്രകടനത്തിൽ മുൻഗണന നൽകിയിരിക്കുന്നത്. ഗാനത്തിന്റെ ഒഫീഷ്യൽ മ്യൂസിക് വീഡിയോ നേരത്തെ റിലീസ് ചെയ്തിരുന്നു. സ്വിം, ഹൂളിഗൻ, മെറി ഗോ റൗണ്ട് എന്നീ ഗാനങ്ങളുടേയും വീഡിയോയും പുറത്തിറക്കിയിരുന്നു.

ബിടിഎസിന്റെ 'അരിരാങ് വേൾഡ് ടൂർ' നിലവിൽ പുരോഗമിക്കുകയാണ്. 34 നഗരങ്ങളിലായി 88 കോൺസെർട്ടുകൾ ഉൾപ്പെടുന്ന ഈ ടൂർ, ഒരു കൊറിയൻ സംഗീത ഗ്രൂപ്പ് നടത്തുന്ന എക്കാലത്തെയും വലിയ വേൾഡ് ടൂറാണെന്നാണ് ദ കൊറിയൻ ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ ന്യൂയോർക്കിലെ ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ നടന്ന 2026 ഫിഫ ലോകകപ്പ് ഫൈനലിന്റെ ഹാഫ് ടൈം ഷോയിൽ ബിടിഎസ് 'ഡൈനാമൈറ്റ്' എന്ന ഗാനം അവതരിപ്പിച്ചിരുന്നു.

2013ലാണ് ഏഴംഗ കെ പോപ് ബാൻഡായ ബിടിഎസ് രൂപീകരിക്കുന്നത്. ആർ.എം, ജിൻ, സൂഗ, ജെ-ഹോപ്പ്, ജിമിൻ, വി, ജങ്‌കുക്ക് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ. ചുരുങ്ങിയ കാലം കൊണ്ട് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട ബാൻഡ് 2022 ജൂണിൽ താൽക്കാലികമായി പിരിയുകയായിരുന്നു. വ്യക്തിഗത പ്രോജക്ടുകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും ബാൻഡ് അംഗങ്ങൾക്ക് ദക്ഷിണകൊറിയയിലെ നിർബന്ധിത സൈനികസേവനം പൂർത്തിയാക്കുന്നതിനുമായിരുന്നു ഈ തീരുമാനം.

SCROLL FOR NEXT