MUSIC

ഗ്രാമിയോട് നോ പറഞ്ഞ് ബിടിഎസ്; പുരസ്കാരത്തിനായി ആല്‍ബം സമര്‍പ്പിക്കില്ലെന്ന് ബാന്‍ഡ്

അരിരാങ് എന്ന ആൽബമാണ് ബിടിഎസ് ഗ്രാമിയിലേക്ക് സമർപ്പിക്കാനിരുന്നത്.

Author : ന്യൂസ് ഡെസ്ക്

ലോക സംഗീത പുരസ്കാരമായ ഗ്രാമിയിൽ നിന്ന് പിൻമാറുന്നതായി കൊറിയൻ പോപ് ബാൻഡ് ബിടിഎസ്. 2027ലെ പുരസ്കാരങ്ങൾക്ക് തങ്ങളുടെ ആൽബം സമർപ്പിക്കില്ലെന്ന് ഗ്രൂപ്പ് അംഗങ്ങൾ പ്രഖ്യാപിച്ചു. റെക്കോഡിങ് അക്കാഡമി പുതുതായി അവതരിപ്പിച്ച 'മികച്ച ഏഷ്യൻ പോപ് മ്യൂസിക് പെർഫോമൻസ്' എന്ന പുതിയ കാറ്റഗറിയാണ് പ്രശ്നങ്ങൾക്ക് ആധാരം. ഏഷ്യൻ ആർട്ടിസ്റ്റുകളെ വേർതിരിച്ചു കാണിക്കുന്ന രീതിയിൽ പ്രത്യേക കാറ്റഗറി സൃഷ്ടിക്കുന്നത് റേസിസത്തിനും വിവേചനത്തിനും വഴിവെക്കുമെന്നാണ് സംഗീത നിരീക്ഷകരുടെ അഭിപ്രായം. അതിനെ പിന്തുണച്ചാണ് ബിടിഎസിന്റെയും തീരുമാനം.

അരിരാങ് എന്ന ആൽബമാണ് ബിടിഎസ് ഗ്രാമിയിലേക്ക് സമർപ്പിക്കാനിരുന്നത്. പുതിയ കാറ്റഗറി, രണ്ട് രീതിയിലാണ് ബിടിഎസിനെയും പാശ്ചാത്യരല്ലാത്ത സംഗീതജ്ഞരുടെയും ഗ്രാമി മോഹങ്ങളെ ബാധിക്കുന്നത്. ഒന്നാമതായി, പൊതുവിഭാഗങ്ങളിൽ പരിഗണിക്കപ്പെടേണ്ട സൃഷ്ടികൾ പ്രത്യേക വിഭാഗത്തിലേക്ക് ഒതുക്കപ്പെടും. രണ്ടാമതായി, അരിരാങ്ങിലെ സ്വിം എന്ന ഗാനം പൂർണമായി ഇംഗ്ലീഷിലായതുകൊണ്ട് അത് ഏഷ്യൻ വിഭാഗത്തിൽ ഉൾപ്പെടുകയുമില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ബിടിഎസ് അടുത്തവർഷത്തെ ഗ്രാമി ബഹിഷ്കരിക്കുന്നതായി പ്രഖ്യാപിച്ചത്.

ബിടിഎസ് അംഗങ്ങൾ തങ്ങളുടെ പ്രസ്താവനകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. "രാജ്യത്തിന്റെയോ ഭാഷയുടെയോ വേര്‍തിരിവുകളില്ലാതെ, സംഗീതത്തെ സംഗീതമായി തന്നെ ആളുകള്‍ കേൾക്കുകയും സ്നേഹിക്കുകയും ചെയ്യുമെന്ന് കരുതുന്നു. എപ്പോഴും ഞങ്ങള്‍ക്കൊപ്പം നിൽക്കുന്ന ആർമിക്കും മറ്റെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി" - പോപ് താരങ്ങൾ ഇന്‍സ്റ്റയില്‍ കുറിച്ചു.

SCROLL FOR NEXT