'ചത്ത പച്ച' ടൈറ്റിൽ ട്രാക്ക് 
MUSIC

ദാ വരുന്നു, ഘടോൽഘചന്മാരെ വെല്ലുന്ന ഘടാഘടിയൻമാർ; 'ചത്താ പച്ച' ടൈറ്റിൽ ട്രാക്ക്

പ്രശസ്ത സംഗീതജ്ഞന്മാരായ ശങ്കർ-എഹ്‌സാൻ-ലോയ് ആണ് സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: റോഷൻ മാത്യൂ, അർജുൻ അശോകൻ, എന്നിങ്ങനെ വമ്പൻ യുവതാര നിര അണിനിരക്കുന്ന വ്യത്യസ്തമായ ചിത്രമാണ് 'ചത്ത പച്ച : ദി റിംഗ് ഓഫ് റൗഡീസ്'. യുവത്വത്തിന്റ ഊർജം നിറഞ്ഞതാകും അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചിത്രമെന്ന സൂചനയാണ് കഴിഞ്ഞ ദിവസം ഇറങ്ങിയ ടൈറ്റിൽ ട്രാക്ക് നൽകുന്ന സൂചന. പ്രശസ്ത സംഗീതജ്ഞന്മാരായ ശങ്കർ-എഹ്‌സാൻ-ലോയ് ആണ് സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇവർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന സവിശേഷതയും 'ചത്താ പച്ച'യ്ക്കുണ്ട്.

ശങ്കർ മഹാദേവൻ, സിദ്ധാർത്ഥ് മഹാദേവൻ, ഫെജോ എന്നിവർ ചേർന്നാണ് ടൈറ്റിൽ ട്രാക്ക് പാടിയിരിക്കുന്നത്. കേരളത്തിലെ സ്ട്രീറ്റ് കൾച്ചറും റെസ്‌ലിങ് കൾച്ചറും സമന്വയിപ്പിച്ച കഥയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഒരു തീപ്പൊരി മലയാള സിനിമയാകും 'ചത്ത പച്ച' എന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മൂഡ് തന്നെയാണ് ആദ്യം പുറത്തുവിട്ടിരിക്കുന്ന ട്രാക്കിനുമുള്ളത്. റെസ്‌ലിങ്ങുമായി ബന്ധപ്പെട്ട പരിചിതമായ വാക്കുകൾ കൂടി ഉൾക്കൊള്ളിച്ചാണ് വിനായക് ശശികുമാറും ഫെജോയും ചേർന്ന് വരികൾ എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ പവർ പാക്ക്ഡ് ടീസർ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമുണ്ടാക്കിയിരുന്നു. റോഷൻ മാത്യൂ, അർജുൻ അശോകൻ എന്നിവർക്ക് പുറമേ വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് എന്നിവരും മലയാളം സിനിമയിലെ മറ്റ് പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഓരോ അഭിനേതാവിന്റെയും പ്രകടനം സിനിമയുടെ തീവ്രത കൂട്ടും എന്നതിൽ സംശയമില്ല. പശ്ചാത്തല സംഗീതം ഒരുക്കുന്നത് 'കളങ്കാവൽ', 'എക്കോ' എന്നീ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട മുജീബ് മജീദ് ആണ്. അനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. കലൈ കിംഗ്സൺ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നു. തിരക്കഥ സനൂപ് തൈക്കൂടം, എഡിറ്റിങ് പ്രവീൺ പ്രഭാകർ.

ഇതിന് പുറമേ, ധർമ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേഫെയറർ ഫിലിംസ്, പിവിആർ ഐനോക്സ്, ദി പ്ലോട്ട് പിക്ചേഴ്സ് തുടങ്ങിയ പ്രമുഖ വിതരണ പങ്കാളികൾ ഒന്നിക്കുന്നതോടെ, 'ചത്ത പച്ച : ദി റിംഗ് ഓഫ് റൗഡീസ്' വരും വർഷത്തെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാകാൻ ഒരുങ്ങുകയാണ്. അടുത്ത വർഷം, ജനുവരി റിലീസ് ആയി ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.

SCROLL FOR NEXT