MUSIC

"ഇന്ത്യയ്ക്ക് മുന്‍ഗണന കൊടുത്തുള്ള തീരുമാനം"; ഫവാദ് ഖാന്‍ ചിത്രത്തിന്റെ റിലീസ് തടഞ്ഞതില്‍ അമിത് ത്രിവേദി

മെയ് 9ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് പഹല്‍ഗാം ഭീകരാക്രമത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം കാരണം മാറ്റി വെക്കുകയായിരുന്നു

Author : ന്യൂസ് ഡെസ്ക്


ഫവാദ് ഖാന്റെയും വാണി കപൂറിന്റെയും 'അബിര്‍ ഗുലാല്‍' എന്ന ചിത്രത്തില്‍ വലിയ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. അതിലെ സംഗീതം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മെയ് 9ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം പിന്നീട് പഹല്‍ഗാം ഭീകരാക്രമത്തെ തുടര്‍ന്നുണ്ടായ ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷം കാരണം മാറ്റി വെക്കുകയായിരുന്നു. പാക് നടനായ ഫവാദ് ഖാന്‍ നായകനാകുന്ന ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യരുതെന്നായിരുന്നു ജനങ്ങളുടെയും സിനിമാ സംഘടനകളുടെയും ആവശ്യം. ഇപ്പോഴിതാ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അമിത് ത്രിവേദി ഈ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ്.

"ഞാന്‍ ഈ തീരുമാനത്തെ പൂര്‍ണ്ണമായും പിന്തുണയ്ക്കുന്നു. ഇത് ഇന്ത്യയ്ക്ക് മുന്‍ഗണന നല്‍കിയുള്ള തീരുമാനമാണ്", എന്നാണ് അമിത് പറഞ്ഞത്.

"തീര്‍ച്ചയായും ഒരു സിനിമ പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ അത് വേദനിപ്പിക്കും. ഈ സിനിമ മാത്രമല്ല, ഞാന്‍ സത്യസന്ധതയോടും കഠിനാധ്വാനത്തോടും കൂടി ചെയ്യുന്ന ഏതൊരു കാര്യവും എന്റെ ഭാഗമായി മാറുന്നു. അതിനാല്‍ സിനിമയുടെ റിലീസ് വൈകുന്നതില്‍ നിരാശയുണ്ട്. ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സംഗീതം നിര്‍മിക്കുന്നത്. സംഗീതം ആരാധകരിലേക്ക് എത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ കാര്യം വ്യത്യസ്തമാണ്. എനിക്ക് എന്റെ രാജ്യമാണ് എല്ലാറ്റിനുമുപരി പ്രധാനം", എന്നും അമിത് ത്രിവേദി വ്യക്തമാക്കി.

അതേസമയം ആരതി എസ് ബാഗ്ഡിയാണ് 'അബിര്‍ ഗുലാലിന്റെ' സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ആരതി എസ് ബാഗ്ഡിയും മേഖ്‌ന സിംഖിയുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിവേക് അഗര്‍വാള്‍ നിര്‍മിച്ച ചിത്രം ഒരു റൊമാന്റിക് കോമഡിയാണ്.

SCROLL FOR NEXT