തെലുങ്ക് മ്യൂസിക് വീഡിയോയില്‍ നിന്ന്  Source : YouTube Screen Grab
MUSIC

"മനസിലായില്ലെങ്കിലും കേള്‍ക്കാന്‍ രസമുണ്ട്"; സോഷ്യല്‍ മീഡിയയില്‍ തരംഗമായി 'ദാരിപോണ്ടോത്തുണ്ട്' ഗാനം

ഏഴ് കോടിയിലേറെ പേരാണ് ഇതിനോടകം തന്നെ 'ദാരിപോണ്ടോത്തുണ്ട്' എന്ന ഗാനം യൂട്യൂബില്‍ കണ്ടിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ഗാനങ്ങള്‍ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് ഭാഷയൊരു മാനദണ്ഡമല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് 'ദാരിപോണ്ടോത്തുണ്ട്' എന്ന തെലുങ്ക് ഗാനം. മലയാളികള്‍ അടക്കമുള്ള ഇന്ത്യന്‍ പ്രേക്ഷകര്‍ ഈ പാട്ട് തേടി യൂട്യൂബിലേക്ക് എത്തുകയാണ്. സോഷ്യല്‍ മീഡിയ റീലുകളിലും 'ദാരിപോണ്ടോത്തുണ്ട്' ട്രെന്‍ഡിങ്ങാണ്. മദീന്‍ എസ്.കെ ഈണം പകര്‍ന്ന് മമിദി മൗനിക എഴുതി ആലപിച്ച തെലുങ്ക് ഡിജെ ഗാനമാണ് 'ദാരിപോണ്ടോത്തുണ്ട്'.

മൂന്ന് മാസം മുന്‍പാണ് ട്രീ മ്യൂസിക് എന്ന യൂട്യൂബ് ചാനലിലൂടെ ഈ ഗാനം റിലീസ് ചെയ്യുന്നത്. സമയമെടുത്താണെങ്കിലും ഗാനം ആസ്വാദകര്‍ക്കിടയില്‍ തരംഗമാകാന്‍ തുടങ്ങി. ഗാനത്തിലെ നായികയുടെ വേഷവും വീഡിയോയിലെ ഹുക്ക് സ്‌റ്റെപ്പും ഇന്‍സ്റ്റഗ്രാം റീലുകളില്‍ സജീവമായതോടെ ആളുകള്‍ ഗാനത്തിന്റെ ഫുള്‍ വീഡിയോ അന്വേഷിച്ച് യൂട്യൂബില്‍ എത്തുകയായിരുന്നു.

ഏഴ് കോടിയിലേറെ പേരാണ് ഇതിനോടകം തന്നെ 'ദാരിപോണ്ടോത്തുണ്ട്' എന്ന ഗാനം യൂട്യൂബില്‍ കണ്ടിരിക്കുന്നത്. മലയാളികളും ഈ ഗാനം ഇഷ്ടപ്പെട്ട് യൂട്യൂബില്‍ തേടിയെത്തിയിട്ടുണ്ട് എന്നതിന്റെ തെളിവാണ് കമന്റ് ബോക്‌സിലെ രസകരമായ കമന്റുകള്‍. സംഭവം ഒന്നും മനസിലാകുന്നില്ലെങ്കില്‍ കേള്‍ക്കാന്‍ നല്ല രസമുണ്ടെന്ന അഭിപ്രായമാണ് മിക്ക മലയാളികള്‍ക്കും ഉള്ളത്.

ശിവ വേലുപുലയാണ് ഗാനത്തിന്റെ ഛായാഗ്രാഹകന്‍. ശേഖര്‍ വൈറസ് കോറിയോഗ്രാഫറാണ്. അജയ് രങ്കുവാണ് ഗാനത്തിന്റെ എഡിറ്റിങും ഡിഐയും ചെയ്തിരിക്കുന്നത്. ലിംഗയാണ് ഡിജെ മിക്‌സ് നിര്‍വഹിച്ചിരിക്കുന്നത്. നിതീഷ് മാരവേണിയാണ് മ്യൂസിക് വീഡിയോയുടെ നിര്‍മാതാവ്.

SCROLL FOR NEXT