ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി ഒരുക്കുന്ന പുതിയ തെലുങ്ക് ചിത്രം 'ആകാശംലോ ഒക താര'യിലെ ആദ്യ ഗാനം 'ചിട്ടി ചിട്ടി ചീമ' ലിറിക്കൽ വീഡിയോ പുറത്ത്. നായകൻ ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ച് കഴിഞ്ഞ ദിവസമാണ് ഈ ഗാനം റിലീസ് ചെയ്തത്. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാറാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അരുൺ ആലാട്ട് വരികൾ രചിച്ച ഈ ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചത് നിത്യ മാമ്മൻ ആണ്. 'കുട്ടി കുട്ടി പൂവേ' എന്ന വരികളോടെയാണ് മലയാളത്തിൽ ഈ ഗാനം ആരംഭിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമിക്കുന്ന, 'ആകാശംലോ ഒക താര' തെലുങ്കിലെ പ്രശസ്ത നിർമാണ കമ്പനികളായ ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നിവ സംയുക്തമായി അവതരിപ്പിക്കുന്നു. ചിത്രത്തിലെ നായികയായി വേഷമിട്ടിരിക്കുന്നത് പുതുമുഖം സാത്വിക വീരവല്ലിയാണ്.
ഗാനത്തിലെ ദൃശ്യങ്ങൾക്കൊപ്പം, മേക്കിങ് ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുൽഖർ സൽമാൻ, സാത്വിക എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത് എന്ന സൂചനയാണ് ആദ്യ ഗാനത്തിന്റെ ലിറിക് വീഡിയോ നൽകുന്നത്. നൂതന ശൈലിയിലുള്ള കഥപറച്ചിലിനും അതുല്യമായ സിനിമാറ്റിക് സമീപനത്തിനും പേരുകേട്ട പവൻ സാദിനേനി ഒരുക്കുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷകളോടെയാണ് പ്രേക്ഷകർ ഈ ചിത്രം കാത്തിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ചിത്രത്തിലെ മറ്റൊരു നിർണായക വേഷം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തുവരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പ്രേക്ഷകരുടെ മനസിൽ തൊടുന്ന ഒരു ഫീൽ ഗുഡ് ഡ്രാമ ആയിരിക്കും ചിത്രം എന്ന സൂചനയാണ് പോസ്റ്ററുകളും നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള ഗ്ലിംപ്സ് വീഡിയോയും ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഗാനവും സമ്മാനിക്കുന്നത്.
'മഹാനടി', 'സീത രാമം', 'ലക്കി ഭാസ്കർ' തുടങ്ങിയ ചിത്രങ്ങളിലെ മികച്ച പ്രകടനങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയനായ ദുൽഖർ, പ്രഭാസിന്റെ 'കൽക്കി 2898AD' എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു അതിഥി വേഷം ചെയ്തിരുന്നു. അതിന് ശേഷം ദുൽഖർ അഭിനയിച്ച തെലുങ്ക് ചിത്രമാണ് 'ആകാശംലോ ഒക താര'. ദുൽഖറിന്റെ കരിയറിലെ തന്നെ വളരെ വ്യത്യസ്തമായ ഒരു ചിത്രമായാവും ഇതെത്തുക എന്നാണ് സൂചന. ചിത്രത്തിന്റെ റിലീസ് ഉൾപ്പെടെയുള്ള കാര്യങ്ങളെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും.
തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായി "ആകാശം ലോ ഒക താര" പ്രദർശനത്തിന് എത്തും. ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദേശീയ അവാർഡ് ജേതാവായ ജി വി പ്രകാശ് കുമാർ ആണ്. പിആർഒ ശബരി.