രജനികാന്ത്, ബ്രയാന്‍ ക്രാന്‍സ്റ്റണ്‍  Source : YouTube Screen Grab
MUSIC

ബ്രേക്കിംഗ് ബാഡ് റെഫറെന്‍സുമായി കൂലി സോങ്; ഒപ്പം പവര്‍ഹൗസ് രജനികാന്തും

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്.

Author : ന്യൂസ് ഡെസ്ക്

തമിഴ് ചിത്രം കൂലിയിലെ മൂന്നാമത്തെ ഗാനമായ 'പവര്‍ഹൗസ്' പുറത്ത്. രജനികാന്തിന്റെ ശക്തമായ സാനിധ്യം കൊണ്ട് സമ്പന്നമാണ് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ. അനിരുദ്ധ് രവിചന്ദറാണ് ഗാനം ആലപിച്ചിരിക്കുന്നത്. അതോടൊപ്പം റാപ്പര്‍ അറിവിന്റെ ശക്തമായ വരികളും ഗാനത്തിലുണ്ട്.

ഗാനത്തിലെ രജനികാന്തിന്റെ പെര്‍ഫോമന്‍സിനൊപ്പം തന്നെ മറ്റൊരു കാര്യവും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. പ്രശസ്ത ടിവി സീരീസായ 'ബ്രേക്കിംഗ് ബാഡിന്റെ' റഫറന്‍സുകളും ഗാനത്തിലുണ്ടെന്നതാണ് ശ്രദ്ധേയം. 'ബ്രേക്കിംഗ് ബാഡിലെ' കേന്ദ്ര കഥാപാത്രമായ ഹൈസന്‍ബെര്‍ഗിന്റെ പ്രശസ്തമായ, "സെ മൈ നെയിം, യു ആര്‍ ഗോഡ് ഡാം റൈറ്റ്" എന്ന ഡയലോഗും ഗാനത്തിലുണ്ട്.

മൂന്ന് മിനിറ്റും 28 സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ലിറിക്കല്‍ വീഡിയോയിലെ രജനികാന്തിന്റെ പവര്‍ഹൗസ് ആക്ഷന്‍ രംഗങ്ങളും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. ചിത്രത്തില്‍ ദേവ എന്ന ഗാങ്സ്റ്റര്‍ കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്.

നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'മോണിക്ക' എന്ന ഗാനവും ആരാധകര്‍ ആഘോഷമാക്കിയിരുന്നു. പൂജ ഹെഗ്‌ഡെയാണ് ഗാനത്തില്‍ നൃത്തം ചെയ്യുന്നത്. എന്നാല്‍ വൈറലായത് ചിത്രത്തില്‍ ദയാല്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗബിന്‍ ഷാഹിറിന്റെ ഡാന്‍സ് ആയിരുന്നു.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ബോളിവുഡ് താരം ആമിര്‍ ഖാനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അടുത്തിടെ താരത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. സണ്‍ പിക്ചേഴ്സ് നിര്‍മിക്കുന്ന ചിത്രം ഓഗസ്റ്റ് 14നാണ് റിലീസ് ചെയ്യുന്നത്.

SCROLL FOR NEXT